കൈ കോർത്ത് അഖിലേഷും മമതയും, കോൺഗ്രസ് ഇതര മുന്നണിക്ക് ധാരണ
Sat, 18 Mar 2023

കോൽക്കത്ത: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ മുന്നണിയുണ്ടാക്കാന്‍ സമാജ്വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിൽ ധാരണ. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും തമ്മില്‍ ഇന്ന് കോൽക്കത്തിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തെരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാൻ ധാരണയായത്. ഇതോടെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു ചേർത്ത് ബിജെപിയെ നേരിടാമെന്ന കോൺഗ്രസിന്റെ നീക്കത്തിനാണ് തിരിച്ചടിയായത്. മുന്നണി വിപുലീകരിക്കുന്നതിനായി മമതാ ബാനര്‍ജി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിനെയും സന്ദര്‍ശിക്കും. ഇതുവഴി ബിജു ജനതാദളിനെക്കൂടി സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. കോൺഗ്രസിനോടും ബിജെപിയോടും അകലം പാലിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് സ്വന്തം വഴിക്ക് പോകുമെന്ന് പാർട്ടി നേതാക്കളുടെ യോഗത്തിനുശേഷം മുതിർന്ന തൃണമൂൽ കോൺഗ്രസ് എംപി സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു.