510 മില്യൺ ദിർഹത്തിന്റെ സാമ്പത്തിക തട്ടിപ്പ്; അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ
May 19, 2023, 06:40 IST

അബുദാബിയിൽ പതിമൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ. ലൈസൻസില്ലാതെ അഞ്ഞൂറ്റി പത്തു മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തടവുകാലം കഴിഞ്ഞാൽ പ്രതികളെ നാടുകടത്തും. അബുദാബി ക്രിമിനൽ കോടതിയാണ് 13 ഇന്ത്യക്കാർക്കെതിരെ ശിക്ഷ വിധിച്ചത്.
പ്രതികൾ 510 മില്യൺ ദിർഹത്തിന്റെ അനധികൃത പണമിടപാട് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പിനായി ട്രാവൽ ഏജൻസിയുടെ ആസ്ഥാനമായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. പോയിന്റ് ഓഫ് സെയിൽസ് (PoS) ഉപയോഗിച്ച് ക്രെഡിറ്റ് സേവനം നൽകിയായിരുന്നു തട്ടിപ്പ്. ഇവരും ഇവരുടെ ഉടമസ്ഥതയിലുള്ള 7 കമ്പനികളും കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവ നടത്തിയതായി തെളിഞ്ഞതിനാലാണ് നടപടി. പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറിയ കാലയളവിനുള്ളിൽ വലിയ തോതിൽ പണമിടപാട് നടന്നതായി ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾക്ക് 5 മുതൽ 10 വർഷം വരെതടവും കമ്പനികൾക്ക് 10 മില്യൺ വരെ പിഴയുമാണ് ശിക്ഷ വിധിചിരിക്കുന്നത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാട്ടുകടത്താനും കോടതി ഉത്തരവിട്ടു. അതേസമയം ഇവരുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.