സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മുന്‍കൂര്‍ ജാമ്യം
May 17, 2023, 13:49 IST

ന്യൂഡല്‍ഹി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതിക്കാരിയുടെ രഹസ്യമൊഴി അടക്കം പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് ബി.ആര്.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ മറുപടി ആവശ്യപ്പെട്ട് ആസാം സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഗുവാഹത്തി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശ്രീനിവാസ് മേല്‍ക്കോടതിയെ സമീപിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്നും മേയ് 22ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും ശ്രീനിവാസിന് കോടതി നിര്‍ദേശം നല്കി. ആസാമിലെ വനിതാ നേതാവ് നല്കിയ പരാതിയിലാണ് ഡിസ്പൂര്‍ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയോടെ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.