അമ്മയുടെ മോശം സ്വഭാവം മാറ്റാൻ ഗ്രാമത്തിലെ വിവിധ ഇടങ്ങളിൽ തീവച്ച് 19 വയസുകാരി; കേസെടുത്ത് പോലീസ്
May 23, 2023, 13:48 IST

അമ്മയുടെ മോശം സ്വഭാവം മാറ്റാൻ ഗ്രാമത്തിലെ വിവിധ ഇടങ്ങളിൽ തീവച്ച് 19 വയസുകാരി. ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിലാണ് സംഭവം നടന്നത്. ചന്ദ്രഗിരി മണ്ഡലിലെ സനാംബട്‌ല ഗ്രാമത്തിൽ നിന്ന് തൻ്റെ കുടുംബത്തെ മറ്റൊരിടത്തേക്ക് കൊണ്ടുപോകനായിരുന്നു കീർത്തിയുടെ ശ്രമം. ഒരു മാസമായി ഗ്രാമത്തിലെ വിവിധ ഇടങ്ങളിൽ തീ കത്തുന്നതുകണ്ട് ഭയന്ന നാട്ടുകാർ പൂജ വരെ നടത്തിയെന്നാണ് വിവരം.
അമ്മയുടെ മോശം സ്വഭാവം ശരിയാക്കാൻ ഗ്രാമം വിട്ടുപോകുന്നതാണ് നല്ലതെന്ന് കരുതിയ മകൾ ഇടയ്ക്കിടെ തീവെപ്പ് നടത്തി കുടുംബക്കാർക്കിടയിൽ ഭയമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഒരു മാസത്തിനിടെ ഗ്രാമത്തിലെ 12 ഇടങ്ങളിലാണ് യുവതി തീവെച്ചത്. ഇടയ്ക്കിടെ തീ ഉയരുന്നത് കാണുമ്പോൾ വീട്ടുകാർ അന്ധവിശ്വാസികളായി മാറുമെന്ന് പലരും കരുതി. വീട്ടിലെ വസ്ത്രങ്ങളാണ് ആദ്യം യുവതി അഗ്നിക്കിരയാക്കിയത്. പിന്നീട് വൈക്കോൽക്കൂനയ്ക്ക് തീവച്ചു. മൂന്ന് തവണയാണ് വീട്ടിലെ വസ്ത്രങ്ങൾക്ക് യുവതി തീയിട്ടത്. പിന്നീട് അയൽവാസികളുടെ വസ്ത്രങ്ങളും കത്തിച്ചു. പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിക്കെതിരെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്തിട്ടുണ്ട്.