16 വയസുകാരി ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് കുട്ടി മരിച്ചു; വാഹനയുടമയായ പിതാവിനെതിരെ കേസ്
May 17, 2023, 06:15 IST

മുംബൈ: 16 വയസുള്ള പെൺകുട്ടി ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് 12 വയസുള്ള സുഹൃത്ത് മരിച്ച സംഭവത്തിൽ, വാഹനയുടമയായ പിതാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയായ അമർ ദോംബെയ്ക്കെതിരെയാണ് മകൾ സൃഷ്ടിച്ച വാഹനാപകടത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മേയ് 10-ന് മുലുന്ദിലെ കേൽക്കാർ കോളജ് മേഖലയിൽ വച്ചാണ് അപകടം സംഭവിച്ചത്. 16 വയസുകാരിയായ കുട്ടി തന്റെ വീട്ടിലെത്തിയ സുഹൃത്തായ 12 വയസുകാരി ദിഷ അംബേർക്കറുമായി സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് അപകടം സംഭവിച്ചത്. സ്പീഡ് ബ്രേക്കറിൽ കയറിയ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ഇരുവരും താഴേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അംബേർക്കറെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ച പിതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.