സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിതേടി യുവാക്കൾ സുപ്രീം കോടതിയിൽ

സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിതേടി യുവാക്കൾ സുപ്രീം കോടതിയിൽ
 ന്യൂഡൽഹി: സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി യുവാക്കൾ സുപ്രീം കോടതിയിൽ. ഹൈദരാബാദിൽ നിന്നുള്ള യുവാക്കളാണ് കോടതിയെ സമീപിച്ചത്. 1954 ലെ സ്‌പെഷ്യൽ മാരിയേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രിയോ ചക്രവർത്തി, അഭയ് ദങ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പത്ത് വർഷമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഇരുവരും കോവിഡ് ബാധിതരായിരുന്നു. തുടർന്നാണ് വിവാഹിതരാകാൻ തീരുമാനിച്ചതെന്നും ഹർജിയിൽ പറയുന്നു.
ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ ഒമ്പതാം വാർഷികത്തിൽ ഇരുവരും വിവാഹിതരായി. 2021 ഡിസംബറിൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Share this story