വിവാഹ ആഘോഷം അതിരുവിട്ടു; ചടങ്ങിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു; വരൻ അറസ്റ്റിൽ
Fri, 24 Jun 2022

ലക്നൗ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വിവാഹ ചടങ്ങിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു. ബാബുലാൽ യാദവ് എന്ന38 -കാരനാണ് കൊല്ലപ്പെട്ടത്. പിസ്റ്റൾ ഉപയോഗിച്ച് വരൻ നടത്തിയ അതിരുവിട്ട ആഘോഷത്തിനിടെ ബാബുലാലിന് വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ വരൻ മനീഷ് മദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സോൻഭദ്ര ജില്ലയിലെ ബ്രഹ്മനഗർ ഏരിയയിലാണ് സംഭവം നടന്നത്. കല്യാണാഘോഷം കൊഴുപ്പിക്കാൻ രഥത്തിൽ വരികയായിരുന്ന വരൻ, ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിക്കുന്നു. എന്നാൽ വെടിയേറ്റത് താഴെ നിന്നിരുന്ന സുഹൃത്തായ സൈനികനായിരുന്നു. പരുക്കേറ്റ യാദവിനെ സ്ഥലത്തുണ്ടായിരുന്നവർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വരൻ ഉപയോഗിച്ച തോക്ക് ബാബുലാൽ യാദവിന്റേതായിരുന്നു എന്നാണ് റിപ്പോർട്ട് . യാദവിന്റെ കുടുംബത്തിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വരനെ അറസ്റ്റ് ചെയ്തു. വെടിവയ്പ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്. കശ്മീരിൽ നിയമിതനായ ജവാൻ ബാബുലാൽ യാദവ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മരിച്ച ബാബുലാൽ കുടുംബത്തിന്റെ ഏക താങ്ങായിരുന്നു.