ഹോക്കി ലോകകപ്പിനിടെ പന്ത് മുഖത്ത് കൊണ്ട് അംപയർക്ക് പരിക്ക്
Thu, 26 Jan 2023

ഭുവനേശ്വർ: ഹോക്കി ലോകകപ്പിലെ നെതർലൻഡ്സ് - ദക്ഷിണ കൊറിയ ക്വാർട്ടർ ഫൈനലിനിടെ പന്ത് മുഖത്ത് പതിച്ച് അംപയർക്ക് പരിക്ക്. മത്സരം നിയന്ത്രിച്ച മുഖ്യ അംപയറായ ജർമൻ സ്വദേശി ബെൻ ഗോയെൻടെനാണ് പരിക്കേറ്റത്. മുഖത്ത് ശക്തമായ പ്രഹരമേറ്റ ഗോയൻടെനിന് ഉടനടി പ്രഥമശുശ്രൂഷ നൽകി മൈതാനത്ത് നിന്ന് മാറ്റി. മത്സരത്തിന്റെ രണ്ടാം ക്വാർട്ടറിലെ പെനൽറ്റി കോർണർ ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. 28-ാം മിനിറ്റിൽ ദക്ഷിണ കൊറിയൻ താരം ജാംഗ ജോംഗ്ഹ്യുൻ തൊടുത്ത ഡ്രാഗ് ഫ്ലിക്, ഗോൾ പോസ്റ്റിന്റെ വലത് വശത്തായി ഡി ബോക്സിന് വെളിയിൽ നിൽക്കുകയായിരുന്ന അംപയറുടെ മുഖത്ത് പതിക്കുകയായിരുന്നു. സഹതാരം നൽകിയ പെനൽറ്റി ഡെലിവറി ഫ്ലിക് ചെയ്യുന്നതിനിടെ, ജോംഗ്ഹ്യുന്റെ ലക്ഷ്യം പിഴച്ച് പന്ത് ഗോയെൻടെനിന്റെ നേർക്ക് കുതിക്കുകയായിരുന്നു. പെനൽറ്റി കോർണറുകൾ പതിവായ ഹോക്കിയിൽ ഇത്തരമൊരു അപകടം അപൂർവമാണ്. ഗോയെൻടെൻ പരിക്കേറ്റ് പിന്മാറിയതോടെ റിസർവ് അംപയറായ രഘു പ്രസാദ് ആണ് മത്സരത്തിന്റെ ശേഷിച്ച ഭാഗം നിയന്ത്രിച്ചത്.