വിവാഹാഭ്യർഥന നിരസിച്ചു; വിദ്യാർഥി സ്വയം തീകൊളുത്തിയ ശേഷം വിദ്യാർഥിനിയെ കെട്ടിപ്പിടിച്ചു; ഇരുവരും ആശുപത്രിയിൽ
Nov 23, 2022, 07:57 IST

മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് വിദ്യാർഥി സ്വയം തീകൊളുത്തിയശേഷം സഹപാഠിയായ വിദ്യാർഥിനിയെ കെട്ടിപ്പിടിച്ചു. ഔറംഗാബാദിലെ ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ജന്തുശാസ്ത്ര ഗവേഷണ വിദ്യാർഥിയായ ഗജാനൻ മുണ്ടെ എന്ന 30 കാരനാണ് സ്വയം തീകൊളുത്തിയശേഷം സഹപാഠിയായ പൂജാ സാൽവേയെ (28) കെട്ടിപ്പിടിച്ചത്. ഗുരുതരമായി പോള്ളലേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനൻ മുണ്ടെയുടെ നില ഗുരുതരമാണ്. പെൺകുട്ടിക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പർഭണി സ്വദേശിയാണ് മുണ്ടെ. ഒരു പ്രൊഫസറെ കാണാനാണ് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കൂടെയെത്തി. കന്നാസിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.