മകന്‍റെ മരണത്തില്‍ പ്രതികാരം: 7 പേരെ കൊന്ന് പുഴയിൽത്തള്ളി; ബന്ധുക്കളായ 5 പേർ അറസ്റ്റിൽ

 മകന്‍റെ മരണത്തില്‍ പ്രതികാരം: 7 പേരെ കൊന്ന് പുഴയിൽത്തള്ളി; ബന്ധുക്കളായ 5 പേർ അറസ്റ്റിൽ
 
പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ ഒരു കുടുബത്തിലെ ഏഴുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളായ അഞ്ചു പേർ അറസ്റ്റിൽ. മകനെ കൊന്നതിന്റെ പ്രതികാരമായാണ് ഇവർ ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മോഹൻ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാൺ പവാർ, ശ്യാം കല്യാൺ പവാർ, ശങ്കർ കല്യാൺ പവാർ, പ്രകാശ് കല്യാൺ പവാർ, കാന്താഭായ് സർജെറൊ ജാധവ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മോഹൻ പവാർ (45), ഭാര്യ സംഗീത മോഹൻ (40), മകൾ റാണി ഫുൽവാരെ (24), മരുമകൻ ശ്യാം ഫുൽവാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികൾ എന്നിവരേയാണ് ഭീമ പുഴക്കരയിൽ പാരഗൺ പാലത്തിനടുത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 18നും 24നുമിടയിലാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. പ്രതികളിൽ ഒരാളായ അശോക് പവാറിന്റെ മകൻ ധനഞ്ജയ് പവാർ കുറച്ചു മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയർന്നിരുന്നു. മകന്റെ മരണത്തിന് പ്രതികാരമെന്നോണമാണ് ഏഴ് പേരെയും കൊലപ്പെടുത്തിയതെന്ന് പൂണെ റൂറൽ എസ്.പി. അങ്കിത് ഗോയൽ പറഞ്ഞു.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Share this story