കോയമ്പത്തൂരില്‍ വന്‍ കഞ്ചാവ് ചോക്ലേറ്റ് വേട്ട; 20 കിലോ ലഹരി ചോക്ലേറ്റുമായി 58-കാരൻ പിടിയിൽ

news
 


കോയമ്പത്തൂരില്‍ വന്‍ കഞ്ചാവ് ചോക്ലേറ്റ് വേട്ട. 20 കിലോ ലഹരി അടങ്ങിയ ചോക്ലേറ്റുമായി 58-കാരൻ പിടിയിലായി. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ചോക്ലേറ്റില്‍ പൊതിഞ്ഞ കഞ്ചാവ് പിടികൂടുന്നത്. ഉപയോഗിക്കാന്‍ എളുപ്പം, മറ്റുള്ളവര്‍ക്കു മനസിലാക്കാനോ കണ്ടെത്താനോ ഏറെ പ്രയാസവുമാണ് എന്നായതാണ് കഞ്ചാവ് ചോക്ലേറ്റിനോടു ലഹരി ഇടപാടുകാര്‍ക്കു പ്രിയം കൂട്ടുന്നത്. 

കാഴ്ചയില്‍ ചോക്ലേറ്റ് മിഠായിയെന്നേ തോന്നൂ. കോയമ്പത്തൂര്‍ നഗരം കേന്ദ്രീകരിച്ച് ഇത്തരം ലഹരി വില്‍പനയ്ക്കു വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഗനൂര്‍ റോഡില്‍ പതിവു പരിശോധനയ്ക്കിടെ രതിനപുരി പൊലീസ് ബാലാജിയെന്ന 58കാരനെ കസ്റ്റഡിയിലെടുത്തതോടെയാണു പുതിയ ലഹരി ഇടപാടിനെ കുറിച്ചു സൂചന കിട്ടിയത്.  ഇയാളുട കയ്യിലുണ്ടായിരുന്ന ചാക്കില്‍ 20 കിലോ ചോക്ലേറ്റ് മിഠായികളുണ്ടായിരുന്നു. പുറമ നിന്നുള്ള കാഴ്ചയില്‍ ചോക്ലേറ്റ് ബാറുകളെന്നു തോന്നിപ്പിക്കുന്ന ഇവയുടെ അകത്തു കഞ്ചാവ് ലേഹ്യം നിറച്ച നിലയിലാണ്. നഗരത്തിലെ കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഉത്തരേന്ത്യയില്‍ നിന്ന് വരുത്തിയതാണു കഞ്ചാവ് ചോക്ലേറ്റെന്നു ബാലാജി മൊഴി നല്‍കി. 

Share this story