തമിഴ്‌നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും നിരോധിച്ച വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി
Jan 26, 2023, 11:30 IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും നിരോധിച്ച ഉത്തരവ് നീക്കി. 2018-ല്‍ ഭക്ഷ്യ സുരക്ഷാകമ്മിഷണര്‍ പുറത്തിറക്കിയ വിജ്ഞാപനമാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ ആര്‍. സുബ്രഹ്‌മണ്യം, കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ഗുട്ക ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷാനിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ആക്ട്, FSSA) വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അടിയന്തരസാഹചര്യങ്ങളില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്താനുള്ള പരിമിത അധികാരം മാത്രമാണ് പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. എഫ്എസ്എസ് നിയമപ്രകാരം 2013-ല്‍ സംസ്ഥാനസര്‍ക്കാര്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും തമിഴ്‌നാട്ടില്‍ നിരോധിച്ചിരുന്നു. പിന്നീട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ സമാനമായ ഉത്തരവുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. പുകയില ഉത്പന്നനിര്‍മാതാക്കളുടേയും ഭക്ഷ്യസുരക്ഷാവകുപ്പിന്റേയും ഹര്‍ജികളും അപ്പീലുകളും പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.