ലഖിംപൂര്‍ ഖേരി കേസ്: ആശിഷ് മിശ്ര അടക്കമുള്ള നാല് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
Jan 25, 2023, 12:38 IST
![ലഖിംപൂര്‍ ഖേരി കേസ്: ആശിഷ് മിശ്ര അടക്കമുള്ള നാല് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി](https://timeskerala.com/static/c1e/client/91214/uploaded/69b23a756cfb66b2e0a5fa4e47e42d53.webp)
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര അടക്കമുള്ള നാല് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. എട്ടാഴ്ചത്തേയ്ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. യുപിയിലോ ഡല്‍ഹിയിലോ താമസിക്കാന്‍ പാടില്ല, താമസസ്ഥലം കൃത്യമായി കോടതിയെ അറിയിക്കണം, സമീപത്തെ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ മിശ്രയോ കുടുംബാംഗങ്ങളോ ഏതെങ്കിലും തരത്തില്‍ ശ്രമം നടത്തിയാല്‍ ഉടന്‍ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവിൽ പറയുന്നു. ജാമ്യ ഹര്‍ജി നേരത്തെ അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മാര്‍ച്ച് 14 ന് സ്ഥിര ജാമ്യം ആവശ്യപ്പെട്ടുള്ള ആശിഷ് മിശ്രയുടെ ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. 2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്. കര്‍ഷകരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.