ഡിഎംകെ നേതാവിനെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി, തല പുഴയിലെറിഞ്ഞു; കാമുകി അറസ്റ്റിൽ; കൂട്ട് പ്രതികൾക്കായി തിരച്ചിൽ

മലപ്പുറം:ഡി.എം.കെ പ്രാദേശിക നേതാവിനെ കാമുകിയും ഭര്‍തൃസഹോദരനും ചേര്‍ന്നു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി തല പുഴയിലെറിഞ്ഞു. ചെന്നൈ മണലിയിലെ ഡി.എം.കെ. വാര്‍ഡ് സെക്രട്ടറി ചക്രപാണിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നാലു ദിവസം മുന്‍പ് കാണാതായ ചക്രപാണിയുടെ മൃതദേഹം കാമുകിയുടെ റോയപുരത്തെ വീടിന്റെ ശുചിമുറില്‍ നിന്നു വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കാമുകി തമീമ ബാനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡി.എം.കെയുടെ പ്രാദേശിക നേതാവായ ചക്രപാണിയെ ചൊവ്വാഴ്ച മുതലാണു കാണാതായത്. സ്കൂട്ടറില്‍ പുറത്തുപോയ ചക്രപാണി തിരികെ വന്നില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. തുടര്‍ന്നു റോഡുകളിലെ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പൊലീസ്, റോയപുരത്തെ ഗ്രേസ് ഗാര്‍ഡനില്‍ നിന്ന് സ്കൂട്ടര്‍ കണ്ടെത്തി. ചക്രപാണിയുടെ മൊബൈല്‍ഫോണ്‍ സ്കൂട്ടറിനു സമീപത്തുണ്ടെന്നു സൈബര്‍ സെല്‍ പരിശോധനയില്‍ വ്യക്തമായി. ഇതിനിടയ്ക്ക് രണ്ടാം തെരുവിലെ വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പൊലീസിനെ അറിയിച്ചു.
തുടർന്ന് പോലീസ് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ശുചിമുറിയില്‍ വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുടമ തമീമ ബാനുവും കുടുംബവും നേരത്തെ വാടയ്ക്കു താമസിച്ചിരുന്നതു ചക്രപാണിയുടെ കെട്ടിടത്തിലായിരുന്നു. പണം കടംവാങ്ങി തുടങ്ങിയ ബന്ധം പിന്നീട് ചക്രപാണിയും തമീമയും തമ്മിലുള്ള പ്രണയമായി വളരുകയായിരുന്നു. കഴിഞ്ഞ ദിവസം ചക്രപാണി തമീമയെ കാണാനെത്തി. ഇതുമനസ്സിലാക്കിയ തമീമയുടെ ഭര്‍തൃസഹോദരന്‍ വസീം ബാഷയും ഇവരുടെ വീട്ടിൽ എത്തി വഴക്കുണ്ടാക്കി. വഴക്കിനിടെ വീട്ടിലിരുന്ന കത്തിയെടുത്തു വസീം ചക്രപാണിയെ ആക്രമിച്ചു. വെട്ടേറ്റുവീണ ചക്രപാണി മരിച്ചെന്നുറപ്പായതോടെ വെട്ടിനുറുക്കി ഉപേക്ഷിക്കാന്‍ തമീമയും വസീമും തീരുമാനിച്ചു. ഇതിനായി സുഹൃത്തായ ഓട്ടോഡ്രൈവര്‍ ദില്ലിബാബുവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി.കഷ്ണങ്ങളായി വെട്ടിമുറിച്ച മൃതദേഹം പിന്നീട് ചെറിയ പ്ലാസ്റ്റിക് ബാഗുകളിലേക്കു മാറ്റി.
മൃതദേഹത്തിൽ നിന്നും വെട്ടിമാറ്റിയ തല അന്നേദിവസം തന്നെ ദില്ലിബാബു അഡയാര്‍ പാലത്തില്‍ നിന്ന്,പുഴയിലേക്കെറിഞ്ഞു. ബാക്കിഭാഗങ്ങള്‍ ഉപേക്ഷിക്കുന്നതിനായി ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം വസീം ബാഷയും ദില്ലി ബാബുവും ഒളിവില്‍പോയി. ചക്രപാണിയുടെ ശിരസ്സിനായി കൂവം പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഒളിവില്‍പോയ രണ്ടു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.