തീയിട്ട് ചിതലിനെ കൊല്ലാൻ ദമ്പതിമാരുടെ ശ്രമം; 13-കാരിയായ മകള്‍ പൊള്ളലേറ്റുമരിച്ചു
Aug 6, 2022, 11:23 IST

ചെന്നൈ: തീയിട്ട് ചിതലിനെ കൊല്ലാൻ ദമ്പതിമാർ ശ്രമിക്കുന്നതിനിടെ 13-കാരിയായ മകള്‍ക്ക് പൊള്ളലേറ്റു ദാരുണാന്ത്യം. ചെന്നൈക്കടുത്ത് പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ ആണ് വെന്തു മരിച്ചത്. കൊച്ചുവീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ശല്യം രൂക്ഷമായപ്പോഴാണ് ഹുസൈന്‍ ബാഷയും ഭാര്യ അയിഷയും അപകടകരമായ പരിഹാരമാര്‍ഗം പരീക്ഷിച്ചത്. പെയിന്റിങ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന തിന്നര്‍ ചിതല്‍ശല്യമുള്ളിടത്തെല്ലാം ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇതിനിടെ തീ ദേഹത്തേക്കുപടര്‍ന്നതോടെ ബാഷയും ഭാര്യയും മകളും ഉള്ളില്‍ കുടുങ്ങിപ്പോയി. വാതില്‍ ഉള്ളില്‍ നിന്നടച്ച് അതിലും തിന്നര്‍ ഒഴിച്ചിരുന്നതുകൊണ്ട് പുറത്തേക്ക് രക്ഷപ്പെടാനുമായില്ല. അയല്‍വാസികളെത്തി വാതില്‍പൊളിച്ച് തീയണയ്ക്കുമ്പോഴേക്കും മൂവര്‍ക്കും പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിയപ്പോഴേക്ക് മരിച്ചു. ബാഷയും അയിഷയും ചികിത്സയിലാണ്.