വിവാദങ്ങൾക്കിടെ ഡോക്യുമെന്‍ററിയുടെ രണ്ടാംഭാഗം സംപ്രേഷണം ചെയ്ത് ബി.ബി.സി
Wed, 25 Jan 2023

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കിയിരിക്കുന്നത്. 2019ൽ മോദി അധികാരത്തിന് വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളെകുറിച്ചാണ് ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ടരക്കായിരുന്നു സംപ്രേഷണം. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളുമാണ് ഡോക്യൂമെന്ററിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷനൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ഗുജറാത്ത് കലാപം വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. അതിനിടയിലാണ് രണ്ടാംഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തിരിക്കുന്നത്. ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബി.ബി.സിയും.ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.