നടൻ വിക്രം ഗോഖലെയുടെ നില അതീവ ഗുരുതരം; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബത്തിന്റെ അഭ്യർഥന

 നടൻ വിക്രം ഗോഖലെയുടെ നില അതീവ ഗുരുതരം; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബത്തിന്റെ അഭ്യർഥന
മുംബൈ: മുതിർന്ന ചലച്ചിത്ര, ടെലിവിഷൻ, നാടക നടൻ വിക്രം ഗോഖലെയുടെ നില അതീവ ഗുരുതരമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. 82-കാരനായ വിക്രം ഗോഖലെ കഴിഞ്ഞ 15 ദിവസമായി പുണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലാണ് ചികിത്സയിലാണ്.

 കഴിഞ്ഞ ദിവസം വിക്രം ഗോഖലെ അന്തരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ കുടുംബം ഇത് നിഷേധിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയാണെന്നും ഗോഖലെയുടെ മകള്‍ അറിയിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ അഭ്യർഥിച്ചു.

1971 ല്‍ 26ാം വയസ്സിലാണ് വിക്രം ഗോഖലെ അഭിനയരംഗത്തേക്കു കടന്നു വരുന്നത്. ബോളിവുഡിലും മറാത്തിയിലുമായുള്ള 40 വര്‍ഷത്തെ അഭിനയജീവിതത്തില്‍ അമിതാഭ് ബച്ചനുമൊത്ത് അഗ്നിപീത്, മമ്മൂട്ടിയോടൊപ്പം സൗ ജൂത് ഏക് സച്, സഞ്ജയ് ബന്‍സാലി ചിത്രം ഹം ദില്‍ ദേ ചുകേ സനം, മിഷന്‍ മംഗള്‍, ഹിച്കി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 

Share this story