മദ്യപിച്ച് ബഹളം വച്ച യുവാവിനെ സുഹൃത്ത് തലക്കടിച്ചു കൊന്നു; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി

 മദ്യപിച്ച് ബഹളം വച്ച യുവാവിനെ സുഹൃത്ത് തലക്കടിച്ചു കൊന്നു;  മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി
 ചെന്നൈ: മദ്യപിച്ച് ബഹളം വച്ച യുവാവിനെ സുഹൃത്ത് തലക്കടിച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. ചെന്നൈ പല്ലാവരത്ത് റോഡരികിലെ നടപ്പാതയില്‍ യുവാവിനെ രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി ചിന്നദുരൈ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഉറ്റസുഹൃത്ത് രാജയാണ് അറസ്റ്റിലായത്. ഇരുവരും  പെയിന്റിങ് ജോലി ചെയ്താണു ജീവിക്കുന്നത്. ജോലി കഴിഞ്ഞ് എത്തിയാല്‍ റോഡരികിലെ നടപ്പാതകളിലാണു ഇരുവരുടെയും മദ്യപാനവും ഉറക്കവുമെല്ലാം. പതിവുപോലെ കഴിഞ്ഞ ദിവസവും മദ്യപിച്ചു. തുടര്‍ന്നു രാജ ഉറങ്ങാന്‍ കിടന്നു. പക്ഷേ ചിന്നദുരൈ ബഹളം വച്ചു ഉറങ്ങാന്‍ സമ്മതിച്ചില്ല. ദേഷ്യം മൂത്ത രാജ സമീപത്തിരുന്ന കല്ലെടുത്തു ചിന്നദുരൈയുടെ തലയിടിച്ചു. ബഹളം നിര്‍ത്തുന്നതുവരെ അടി തുടര്‍ന്നു. തലപ്പൊട്ടി രക്തം വാര്‍ന്ന് ചിന്നദുരൈ നടപ്പാതയില്‍ വീണു. ഇതൊന്നും ഗൗനിക്കാതെ രാജ ചിന്നദുരൈയ്ക്കൊപ്പം കിടന്നുറങ്ങി. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണു  സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. ഇതിനിടയ്ക്കു തന്നെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസും സ്ഥലത്തെത്തിയിരുന്നു. 

Share this story