പത്താം ക്ലാസ് വിദ്യാര്‍ഥിയെ ശുചിമുറിയില്‍ ക്രൂരപീഡനത്തിനിരയാക്കി സഹപാഠികള്‍, മാതാവിനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് ഭീഷണിയും

 

ചെന്നൈ : അശോക് നഗറിലെ കേന്ദ്ര സർക്കാർ സ്‌കൂളിൽ വിദ്യാര്‍ഥിക്ക് സഹപാഠികളിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനം. പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ലൈംഗികോപദ്രവമേല്‍പ്പിച്ചതായി ഗായിക ചിന്‍മയി ശ്രീപാദയാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന സംഭവമാണ് ഗായിക ട്വീറ്റ് ചെയ്‌തത്.വിദ്യാര്‍ഥിയെ സഹപാഠികള്‍ ശുചിമുറിയിലേക്ക് ബലമായി കൊണ്ടുപോയി അവര്‍ക്കുമുന്നില്‍ സ്വയംഭോഗം ചെയ്യാന്‍ നിര്‍ബന്ധിച്ചു. പിന്നീട് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായാണ് ട്വീറ്റിൽ പറയുന്നത്. ടെറസിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യ ചെയ്‌തതാണെന്ന് തങ്ങള്‍ വരുത്തിത്തീര്‍ക്കുമെന്നും വിദ്യാര്‍ഥിയോട് സഹപാഠികള്‍ പറഞ്ഞതായി ചിന്‍മയി തന്റെ ട്വിറ്ററിൽ കുറിച്ചു.

വിദ്യാര്‍ഥി സ്‌കൂള്‍ അധികൃതരോട് പീഡന വിവരം പറഞ്ഞാല്‍ അവനെയും അവന്‍റെ മാതാപിതാക്കളെയും കൊല്ലുമെന്നും തങ്ങളുടെ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുമെന്നും ഭീഷണി മുഴക്കിയതായും ചിന്‍മയി ട്വീറ്റില്‍ പറയുന്നു. തന്‍റെ മകനെ ഉപദ്രവിക്കരുതെന്ന് വിദ്യാര്‍ഥിയുടെ അമ്മ സഹപാഠികളോട് അപേക്ഷിച്ചതായും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു. 'മകന്‍റെ സഹപാഠികളുടെ കാല്‍ക്കല്‍ വീണ് മകനെ വെറുതെ വിടണമെന്നും സുഹൃത്തുക്കളാകാനും അമ്മ അപേക്ഷിച്ചു. വിദ്യാര്‍ഥി സംഘം അത് സമ്മതിച്ചു. എന്നാല്‍ സംഘം വീണ്ടും വിദ്യാര്‍ഥിയുടെ അടുത്തെത്തി അവന്‍റെ അമ്മയുമായി തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു.കൂടാതെ അവന്‍റെ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാൻ ആവശ്യപ്പെടുകയും ചെയ്‌തു' - ഗായിക ട്വീറ്റില്‍ പറയുന്നു. 

മര്‍ദനത്തെ തുടര്‍ന്ന് പനിയും ഛര്‍ദിയും അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി മാനസികമായും ഏറെ തകര്‍ന്ന നിലയിലാണ്.ആരെങ്കിലും അടുത്തേക്ക് വരികയോ ശരീരത്തില്‍ സ്‌പര്‍ശിക്കുകയോ ചെയ്‌താല്‍ വിദ്യാര്‍ഥി ഭയപ്പെടുന്നു. അച്ഛന്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ചിന്‍മയി പറയുന്നു. സ്‌കൂള്‍ അധികൃതരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.

Share this story