Times Kerala

വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് കോടി; ഓസ്‌ട്രേലിയന്‍ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതിയെ ഇന്ത്യയില്‍ വെച്ച്  അറസ്റ്റ് ചെയ്തു

 
വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് കോടി; ഓസ്‌ട്രേലിയന്‍ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതിയെ ഇന്ത്യയില്‍ വെച്ച്  അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു.  ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫാര്‍മസി ജീവനക്കാരിയായ ഇരുപത്തിനാലുകാരിയെ വാന്‍ഗെറ്റി ബീച്ചില്‍ വെച്ച്, രാജ്വിന്ദര്‍ സിങ് കൊലപ്പെടുത്തുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷം ഭാര്യയെയും മക്കളെയും ജോലിയും ഉപേക്ഷിച്ച് രാജ്വിന്ദര്‍ ഇന്ത്യയിലേക്ക് കടന്നു.

2021 മാര്‍ച്ചില്‍ രാജ്വിന്ദറിനെ കൈമാറണമെന്ന് ഇന്ത്യയോട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ ബുട്ടര്‍ കലാം സ്വദേശിയായ രാജ്വിന്ദര്‍, ഓസ്ട്രേലിയയിലെ ഇനിസ്ഫേല്‍ ടൗണിലായിരുന്നു താമസിച്ചിരുന്നത്. അവിടെ നഴ്സിങ് അസിസ്റ്റന്റായാണ് ജോലി നോക്കിയിരുന്നത്.

അതിനിടെ രാജ്വിന്ദറിനെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഒസ്‌ട്രേലിയന്‍ ഡോളര്‍ ( അഞ്ചരക്കോടിയിലധികം രൂപ ) ക്വീന്‍സ്‌ലാന്‍ഡ് പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ഏറ്റവും വലിയ പ്രതിഫല തുകയായിരുന്നു ഇത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ഓസ്‌ട്രേലിയയ്ക്ക് കൈമാറാനുള്ള നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ പോലീസും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും സംയുക്തമായാണ് ഇയാളെ കണ്ടെത്തിയത്. നായയെ ബീച്ചില്‍ നടത്താന്‍ പോയപ്പോഴാണ് യുവതി കൊല്ലപ്പെട്ടത്. മകളെ കാണാത്തതിനെ തുടര്‍ന്ന് പിറ്റേന്ന് യുവതിയുടെ പിതാവ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Topics

Share this story