Times Kerala

 നാലാംഘട്ട വോട്ടെടുപ്പ്: വിവിധ ഇടങ്ങളിൽ സംഘർഷം 

 
 നാലാംഘട്ട വോട്ടെടുപ്പ്: വിവിധ ഇടങ്ങളിൽ സംഘർഷം 
 

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ലോക്സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. ആന്ധ്രപ്രദേശിലെ ആകെയുള്ള 175 നിയമസഭ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. തെലങ്കാന- 17, ആന്ധ്രാപ്രദേശ് -25, ഉത്തർപ്രദേശ്- 13, ബിഹാർ - അഞ്ച്, ഝാർഖണ്ഡ് - നാല്, മധ്യപ്രദേശ് - എട്ട്, മഹാരാഷ്ട്ര- 11, ഒഡിഷ - നാല്, പശ്ചിമ ബംഗാൾ-എട്ട്, ജമ്മുകശ്മീർ -ഒന്ന് എന്നിങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. 370 ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ജമ്മു-കശ്മീരിൽ നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. കശ്മീർ ലോക്സഭ സീറ്റിലേക്കാണ് വോട്ടെടുപ്പ്.1,717 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 7.70 കോടി വോട്ടർമാരാണ് വിധിയെഴുതുക. 543 അംഗ ലോക്സഭയിൽ 283 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇതുവരെ നടന്നത്. അഞ്ചാംഘട്ടം മേയ് 20നാണ്. ഏഴു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

അതേസമയം,  വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളിലും ആന്ധ്രപ്രദേശിലും സംഘർഷം. ബംഗാളിൽ ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളിലാണ് സി.പി.എം -തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്.അതിനിടെ, കേതുഗ്രാമിലെ പാർട്ടി പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഞായറാഴ്ചയാണ് ബോംബ് ആക്രമണത്തിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടത്.ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ ബൂത്തിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പോന്തുരു മണ്ഡലത്തിന് കീഴിലുള്ള ഗോകർണപള്ളിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.

Related Topics

Share this story