സംസ്കൃത പരീക്ഷയിൽ 13738 വിദ്യാർത്ഥികളെ പിന്നിലാക്കി; ഒന്നാമനായി മുഹമ്മദ് ഇർഫാൻ
May 6, 2023, 19:55 IST

പന്ത്രണ്ടാം ക്ലാസ് സംസ്കൃത പരീക്ഷയിൽ ഒന്നാമനായി മുഹമ്മദ് ഇർഫാൻ. 82.71% മാർക്കോടെയാണ് ഇർഫാൻ ഒന്നാമതെത്തിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 13738 വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് ഇർഫാൻ മുന്നേറിയത്. യുപിയിലെ ചന്ദൗലി ജില്ലയിലെ കർഷകത്തൊഴിലാളിയായ സലാവുദ്ദീന്റെ മകനായ 17 കാരനാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇപ്പോൾ ഇർഫാന്‍റെ ഏറ്റവും വലിയ സ്വപ്നം തന്നെ സംസ്കൃത അധ്യാപകൻ ആകുക എന്നതാണ്.
മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃതം, സാഹിത്യം എന്നീ രണ്ട് വിഷയങ്ങളും യു പിയിലെ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ഇങ്ങനെയാണ് ഇർഫാൻ സംസ്കൃതം പഠിക്കാൻ തുടങ്ങിയത്. പഠനത്തിൽ ഇർഫാൻ എപ്പോഴും മിടുക്കനായിരുന്നുവെന്നും സ്‌കൂളിലെ ആദ്യ ദിവസം മുതൽ സംസ്‌കൃത ഭാഷയിൽ അതീവ താൽപര്യം കാണിക്കാൻ തുടങ്ങിയെന്നും പിതാവ് സലാവുദ്ദീൻ പറഞ്ഞു. പത്താം ക്ലാസിലും ഏറ്റവും മികച്ച 20 സ്‌കോറർമാരിൽ ഒരേയൊരു മുസ്ലീമായിരുന്നു ഇർഫാനെന്ന് പിതാവ് പറഞ്ഞു. അങ്ങനെയാണ് സമ്പൂർണാനന്ദ് സംസ്‌കൃത സർക്കാർ സ്‌കൂളിൽ ഇർഫാനെ ചേർത്തത്. ഫീസ് താങ്ങാനാവുന്ന ഏക സ്‌കൂളായിരുന്നു അതെന്നും അദ്ദേഹം വിവരിച്ചു.
