ഛത്തീസ്ഗഡില്‍ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേര് ഉള്‍പ്പെടെ 11പേര് മരിച്ചു
May 4, 2023, 09:55 IST

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേര് ഉള്‍പ്പെടെ 11പേര് മരിച്ചു. ബുധനാഴ്ച രാത്രി ദേശീയപാത 30ല്‍ പുരൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ജഗ്താര ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
ധംതാരി ജില്ലയിലെ സോറം-ഭട്ഗാവ് ഗ്രാമത്തിലെ സ്വദേശികളായ ഇവര്‍ കാങ്കര്‍ ജില്ലയിലെ മര്ക്കത്തോള ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.
10 പേര് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചപ്പോള്‍ ഒരു കുട്ടി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകട സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പുരൂര്‍ പോലീസ് അറിയിച്ചു.