Times Kerala

 എന്താണ് ഡീപ്പ് ഫേക്ക് വീഡിയോകൾ, ശ്രദ്ധിക്കേണ്ടത് എപ്രകാരം?

 
 എന്താണ് ഡീപ്പ് ഫേക്ക് വീഡിയോകൾ, ശ്രദ്ധിക്കേണ്ടത് എപ്രകാരം?
 

നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളാണിവ. ഈ വിദ്യ ഉപയോഗിച്ച് കംപ്യൂട്ടറിലെ ക്യാമറയില്‍ പകര്‍ത്തുന്ന ഒരാളുടെ മുഖത്തെ തത്സമയം മറ്റൊരാളാക്കി മാറ്റാന്‍ സാധിക്കും. ഈ സോഫ്റ്റ് വെയറിന്റെ ഔട്ട്പുട്ട് സ്‌ക്രീനിനെ ഒരു സ്ട്രീമിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വീഡിയോ കോളിങ് ആപ്പുകളുടെ ക്യാമറ ദൃശ്യമാക്കി മാറ്റാനും സാധിക്കും.ശബ്ദവും ഈ രീതിയില്‍ മാറ്റാനാകും.

സോഷ്യല്‍ മീഡിയയിലും മറ്റും പരസ്യമായി ലഭ്യമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം ശേഖരിച്ചാണ് ഒരു വ്യക്തിയുടെ ഡീപ്പ് ഫേക്ക് നിര്‍മിക്കുന്നത്.

ശ്രദ്ധിക്കേണ്ടത് എപ്രകാരം?

• അപരിചിതമായ നമ്പറുകളിൽ നിന്നുള്ള പരിചയമുള്ള ആളുകളുടെ വീഡിയോകോളുകള്‍, പ്രത്യേകിച്ച് പണമോ മറ്റപക്ഷേകളോ തേടിയുള്ളവ ജാഗ്രതയോടെ മാത്രം എടുത്ത് സംസാരിക്കുക.

• സോഫ്റ്റ് വെയര്‍ വഴി തത്സമയം ഡീപ്പ് ഫേക്ക് ചെയ്യപ്പെട്ടുവരുന്ന വീഡിയോ ദൃശ്യങ്ങള്‍ക്ക് പൊതുവില്‍ ഗുണമേന്മയും വ്യക്തതയും കുറവായിരിക്കും. വാട്ടര്‍മാര്‍ക്കുകള്‍, വ്യക്തി നില്‍ക്കുന്ന പശ്ചാത്തലം, സംസാര രീതി എന്നിവയെല്ലാം ശ്രദ്ധിക്കുക.

• യഥാര്‍ത്ഥ ആപ്പിലെ ക്യാമറ ഉപയോഗിച്ചുള്ള വീഡിയോകോളുകളുടെ വീഡിയോ സൈസ് ക്രമീകരിക്കുമ്പോള്‍ അത് കൃത്യമായിരിക്കും. വീഡിയോ കോള്‍ ഫുള്‍ സ്‌ക്രീന്‍ ആക്കുമ്പോഴും മറ്റും വീഡിയോയുടെ അളവുകളില്‍ അസ്വാഭാവികത തോന്നുന്നുവെങ്കില്‍ ശ്രദ്ധിക്കുക.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജകോളുകള്‍ ലഭിച്ചാലുടന്‍ ആ വിവരം കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പരായ 1930 ല്‍ അറിയിക്കണമെന്നാണ് പോലീസിന്റെ നിര്‍ദേശം. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.

Related Topics

Share this story