Times Kerala

 ചുവടുവെയ്പ്പ് സമ്പൂര്‍ണ പ്രവര്‍ത്തനങ്ങളിലേക്ക്; സ്വയംപര്യാപ്തമാകാനൊരുങ്ങി കെ ഫോണ്‍

 
 ചുവടുവെയ്പ്പ് സമ്പൂര്‍ണ പ്രവര്‍ത്തനങ്ങളിലേക്ക്; സ്വയംപര്യാപ്തമാകാനൊരുങ്ങി കെ ഫോണ്‍
 

സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റി സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങി കേരളത്തിന്റെ അഭിമാന പദ്ധതി കെ ഫോണ്‍. പ്രാരംഭ ഘട്ടത്തിലെ പദ്ധതിച്ചെലവ് മുതല്‍ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം വരെ ബൃഹത്തായ നിര്‍വഹണ പദ്ധതിയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്താണ് കെ ഫോണിന്റെ വിജയത്തിലേക്കുള്ള ചുവടുവെയ്പ്പ്.

 

കെ ഫോണിന്റെ പ്രാരംഭ ഘട്ടത്തിലെ മൊത്തം പദ്ധതി ചിലവ് 1482 കോടി രൂപയായിരുന്നു. എന്നാല്‍ 791.29 കോടി രൂപ മാത്രം ചെലവഴിച്ചുകൊണ്ടാണ് പദ്ധതി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കിഫ്ബിയില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന 1061.73 കോടി രൂപയ്ക്ക് പകരം 488.4 കോടി രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കാനിരുന്ന 336 കോടി രൂപയ്ക്ക് പകരം 217.85 കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 85 കോടി രൂപയുമാണ് കെ ഫോണ്‍ പദ്ധതി നിര്‍വഹണ ചെലവായി ലഭിച്ചത്. കോസ്റ്റ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഒപ്റ്റിമൈസേഷന്‍ വഴിയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ചിലവഴിച്ച തുകയുടെ രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് മാത്രമാണ് ഈ തുക കിഫ്ബിയില്‍ നിന്നും കെ ഫോണിന് ലഭ്യമായത്.

 

ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍, ഡാര്‍ക്ക് ഫൈബറുകളുടെ പാട്ടക്കരാര്‍, വീടുകളിലേക്കുള്ള വാണിജ്യ കണക്ഷന്‍, സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള കണക്ഷന്‍ തുടങ്ങിയ ബൃഹത്തായ പദ്ധതികളിലൂടെ തുടര്‍ന്നുള്ള പ്രവര്‍ത്തന വിജയം ലക്ഷ്യമിട്ടാണ് കെ ഫോണിന്റെ പ്രവര്‍ത്തനം. പ്രായോഗിക പരിധിയില്‍ ഉള്ള 28,888 കിലോമീറ്റര്‍ ഫൈബറില്‍ 96 ശതമാനം കേബിള്‍ ലൈയിംഗ് ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. കാക്കനാട് പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍ (NOC), തടസമില്ലാതെ സേവനം നല്‍കാന്‍ സഹായിക്കുന്ന 375 പോയിന്റ് ഓഫ് പ്രസന്‍സുകള്‍ (POP) എന്നിവയും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നുണ്ട്.

 

DoTയില്‍ നിന്ന് NLD (നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ്) ലൈസന്‍സ് നേടിയതോടെ കെ ഫോണിന് ഇന്റര്‍നെറ്റ് ലീസ്ഡ് ലൈനുകള്‍ (ഐഎല്‍എല്‍) P2P കണക്റ്റിവിറ്റി, വിപിഎന്‍, എംപിഎല്‍എസ് കണക്റ്റിവിറ്റികള്‍ ഇപ്പോള്‍ സാധ്യമാണ്.

ഇവ രണ്ടോ അതിലധികമോ സ്ഥലങ്ങള്‍ക്കിടയിലുള്ള സ്വകാര്യ ടെലികമ്മ്യൂണിക്കേഷന്‍ സര്‍ക്യൂട്ടുകളാണ്, ഇത് കെ ഫോണിന്റെ മറ്റൊരു വരുമാന സ്രോതസ്സാണ്, ഇതില്‍ നിന്നും ശരാശരി 100 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് പ്രതീക്ഷിക്കുത്. ഇതിനകം തന്നെ ഇരുനൂറിലധികം അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നും 34 ഐഎല്‍എല്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

 

നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന 48F OPGW/ADSS ഫൈബറുകളില്‍ കെ ഫോണിന്റെ ആവശ്യം കഴിഞ്ഞുള്ള 10 മുതല്‍ 14 വരെ കോര്‍ ഫൈബറുകള്‍ പാട്ടത്തിന് നല്‍കുന്നത് വഴി ലഭിക്കുന്ന വരുമാനവും കെ ഫോണിന്റെ മുന്നോട്ടുള്ള കുതിപ്പിന് മുതല്‍ക്കൂട്ടാണ്. 4300 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബറുകള്‍ ഇത്തരത്തില്‍ വിവിധ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയിട്ടുണ്ട്. 2024 സെപ്റ്റംബറിനുള്ളില്‍ ഇത് 10,000 കിലോമീറ്റര്‍ ആക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം 50 കോടി രൂപയാണ്.

 

വീടുകളിലേക്ക് വാണിജ്യ കണക്ഷനുകള്‍ (FTTH) നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും അഞ്ചുലക്ഷം കണക്ഷനുകള്‍ നല്‍കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും കെ ഫോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. ലഭ്യമായ അപേക്ഷകളില്‍ നിന്ന് ആവശ്യക്കാരാണെന്ന് ഉറപ്പാക്കി ഇതുവരെ 5388 വീടുകളിലേക്ക് വാണിജ്യ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. 5000ത്തോളം കണക്ഷനുകള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇന്റര്‍നെറ്റ് വേഗത തെരഞ്ഞെടുക്കുന്നതിന് വിവിധ താരിഫ് പ്ലാനുകള്‍ കെ ഫോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ente KFON ആപ്പും www.kfon.in വെബ്‌സൈറ്റിലൂടെയും ജനങ്ങള്‍ക്ക് ഈ വാണിജ്യ കണക്ഷന് അപേക്ഷിക്കാം.

 

സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കാന്‍ കെ ഫോണ്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് നിലവില്‍ 28,634 ഓഫീസുകളുമായി ബന്ധിപ്പിക്കുകയും 21,214 ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അവശേഷിക്കുന്നവ റോഡ് വികസനം, റെയില്‍വേ, നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവയുമായുള്ള RoW (റൈറ്റ് ഓഫ് വേ) പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുന്നത്. ഷെഡ്യൂള്‍ ചെയ്ത മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും കണക്റ്റിവിറ്റി സ്ഥാപിക്കുന്നതോടെ ഇതില്‍ നിന്നായി ആകെ 200 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും/ സ്ഥാപനങ്ങളിലും കെ ഫോണിന്റെ സേവനം ഒരു പ്രാഥമിക കണക്ഷനായി നിര്‍ബന്ധമായും ലഭ്യമാക്കുകയും അതുവഴി ബാന്‍ഡ്വിഡ്ത്ത് ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ കെ ഫോണ്‍ സമാഹരിക്കുന്ന ബില്ലുകള്‍ സമയബന്ധിതമായി അടയ്ക്കുകയും ചെയ്യണമെന്ന കര്‍ശനമായ നിര്‍ദ്ദേശം നല്‍കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഈ പിന്തുണ കെ ഫോണിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമാണ്.

 

ഇതിന് പുറമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതുവരെ ഇത്തരത്തില്‍ കേരളാ വിഷന്‍ മുഖേനെ 5734 കുടുംബങ്ങള്‍ക്ക് 15 എംബിപിഎസ് വേഗതയിലുള്ള സൗജന്യ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. കേരളാ വിഷന്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള 7000 കണക്ഷനുകള്‍ ഇതുവഴി പൂര്‍ത്തിയാകും. ബാക്കിയുള്ള 7000 കണക്ഷനുകളുടെ ഗുണഭോക്താക്കളുടെ പട്ടിക കേരളാ വിഷനില്‍ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് കെ ഫോണ്‍ നേരിട്ട് നല്‍കും.

 

ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന കെ ഫോണിന് ഏഴ് വര്‍ഷത്തേക്ക് ഈ ഇനത്തില്‍ ബെല്‍(BEL)ന് നല്‍കേണ്ട ടെന്‍ഡര്‍ തുക, കിഫ്ബിയിലേക്കുള്ള വായ്പ തിരിച്ചടവ്, ഇന്റര്‍നെറ്റ് ബാന്‍ഡ്‌വിഡ്ത്ത് ചാര്‍ജ്, ഇലക്ട്രിസിറ്റി ചാര്‍ജസ്, അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജസ്, DoTയ്ക്ക് അടയ്‌ക്കേണ്ട തുക എന്നിവയുള്‍പ്പടെ മാസം 15 കോടി രൂപയാണ് കെ ഫോണിന് ചിലവ് വരുന്നത്. ഈ തുക വാണിജ്യ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ തിരിച്ചടയ്ക്കാനും സംസ്ഥാനത്തെ ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായി മാറാനുമുള്ള പ്രാപ്തി കെ ഫോണിനുണ്ട്.

Related Topics

Share this story