Times Kerala

 കടുത്ത സാമ്പത്തിക പ്രതിസന്ധി; 'യൂസര്‍നെയിം' വില്‍ക്കാന്‍ ട്വിറ്റര്‍

 
   കടുത്ത സാമ്പത്തിക പ്രതിസന്ധി; 'യൂസര്‍നെയിം' വില്‍ക്കാന്‍ ട്വിറ്റര്‍
 ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങള്‍ക്കാണ് ട്വിറ്ററില്‍ വന്നത്. കൂട്ടപ്പിരിച്ചുവിടലുകളും രാജിയും പോളിസിയിലെ മാറ്റങ്ങളുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ട്വിറ്ററില്‍ സംഭവിച്ചു. 
അതേസമയം,  കടുത്ത പ്രതിസന്ധിയിലൂടെയാണ് കമ്പനി ഇപ്പോൾ കടന്നുപോകുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കാമെന്ന് ഏറ്റിരുന്ന തുക ഇതുവരെ ട്വിറ്റര്‍ നല്‍കിയിട്ടില്ല. ഓഫീസുകളുടെ വാടക നല്‍കാനും ട്വിറ്റര്‍ കഷ്ടപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വരുമാനത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.നിലവിലെ പ്രതിസന്ധി മറികടക്കാൻ  യൂസര്‍നെയിം വില്‍ക്കാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മസ്‌ക് എങ്ങനെ ഇത് നടത്തിയെടുക്കുമെന്ന് വ്യക്തമല്ലെങ്കിലും യൂസര്‍നെയിമുകള്‍ക്കായി ഒരു ഓണ്‍ലൈന്‍ ലേലം വരാന്‍ സാധ്യതയുണ്ടെന്നാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.അതേസമയം, ഏറെക്കാലമായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ വൈകാതെ ഡിലീറ്റ് ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂസര്‍നെയിമുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Related Topics

Share this story