Times Kerala

 12000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കില്ല; ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കും; കേന്ദ്രമന്ത്രി 

 
 12000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കില്ല; ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കും; കേന്ദ്രമന്ത്രി 
 

ന്യൂഡല്‍ഹി: രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കില്ലെന്ന് കേന്ദ്രസർക്കാർ. 12,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇലക്ട്രോണിക് വ്യവസായത്തില്‍ ഇന്ത്യയുടെ മേല്‍ക്കൈ വര്‍ധിപ്പിക്കുമെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

'ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനീസ് മൊബൈല്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഇലക്ട്രോണിക് വ്യവസായത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ മേല്‍ക്കൈ വര്‍ദ്ധിപ്പിക്കും. വിദേശ ബ്രാന്‍ഡുകളെ ഒഴിവാക്കുമെന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2026നുള്ളില്‍ 300 ദശലക്ഷം ഡോളറിന്റെ ഇലക്ട്രോണിക് ഉത്പാദനവും 120 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയും കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്', മന്ത്രി പറഞ്ഞു.

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ മാര്‍ക്കറ്റായ ഇന്ത്യയില്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ മൂന്നിലൊന്നും 12,000 താഴെ വില വരുന്നവയാണ്. ഇവയില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ്.

Related Topics

Share this story