ഒരു റേഷൻ കാർഡിലും പേരില്ലാത്തവർക്ക് ഇനി 24 മണിക്കൂറിനകം പുതിയ കാർഡ്
മലപ്പുറം: നിലവിൽ ഒരു റേഷൻ കാർഡിലും പേരില്ലാത്തവരും, വാടകവീട്ടിൽ താമസിക്കുന്നവരുമായ വ്യക്തികൾക്ക് ആധാർ നമ്പറും തദ്ദേശ സ്ഥാപന പ്രതിനിധിയുടെ സാക്ഷ്യപ്പെടുത്തലുമുണ്ടെങ്കിൽ ഇനി 24 മണിക്കൂറിനകം കാർഡ് നൽകുമെന്ന് ജില്ല സിവിൽ സപ്ലൈസ് ഓഫിസർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വാടക കെട്ടിടത്തിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് ലഭിക്കാനുള്ള സാങ്കേതിക തടസ്സം ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പരാതിയിൽ കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ട വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റേതെങ്കിലും കാർഡിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർക്ക് പുതിയ കാർഡ് നൽകാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം,ഒരേ കുടുംബത്തിൽ തന്നെ രണ്ടോ മൂന്നോ കുടുംബമായിട്ട് താമസിക്കുന്നവരെ വ്യത്യസ്ത കുടുംബമായി കണ്ട് റേഷൻ കാർഡ് നൽകണമെന്ന മറ്റൊരാൾ സമർപ്പിച്ച അപേക്ഷ കമീഷൻ തള്ളി.ഇക്കാര്യത്തിൽ 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാനിയമവും 1966ലെ റേഷനിങ് കൺട്രോൾ ഓർഡറും അനുസരിച്ച് മാത്രമേ കാർഡുകൾ വിതരണം ചെയ്യാൻ കഴിയുകയുള്ളൂവെന്ന് സപ്ലൈസ് ഓഫിസർ ഉത്തരവിൽ പറയുന്നു.