Times Kerala

വോട്ടർ സൗഹൃദ പോളിങ് സ്റ്റേഷനുകൾ: മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

 
വോട്ടർ സൗഹൃദ പോളിങ് സ്റ്റേഷനുകൾ: മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ സർക്കുലർ പുറപ്പെടുവിച്ചു.

വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ശരിയായ അടയാളങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം. അക്ഷരങ്ങൾ സ്റ്റാൻഡേർഡ് വലുപ്പത്തിൽ ഉചിതമായ ഉയരത്തിൽ സ്ഥാപിക്കേണ്ടതും വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തിൽ കാണാവുന്നതുമായിരിക്കണമെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

പോളിംഗ് സ്റ്റേഷനുകൾ കൂടുതലും സ്‌കൂളുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടങ്ങളുടെ ചുവരുകളിൽ ചിത്രങ്ങളും ഭൂപടങ്ങളും വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇത് നശിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. മുൻ തിരഞ്ഞെടുപ്പുകളിൽ ക്ലാസ് മുറികളിലെ ഭിത്തികളിലുള്ള ചിത്രങ്ങളും മാപ്പുകളും നശിപ്പിച്ചത് സംബന്ധിച്ചു പരാതികൾ ലഭിക്കുകയും നിയമ നടപടികളിലേക്കു നീങ്ങിയ സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാൽ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണം. ചിത്രങ്ങൾ നശിപ്പിക്കുകയോ ചുവരുകളിൽ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തിൽ ആവണം പോളിംഗ് സ്റ്റേഷനുകളിൽ അറിയിപ്പുകൾ പതിക്കേണ്ടത്. പോളിംഗ് ബൂത്തുകളിലെ ഫർണീച്ചറുകൾ ഒരു തരത്തിലും നശിപ്പിക്കുവാൻ പാടില്ല. പോളിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകൾ അടച്ചുവെന്നും ചുവരുകളിൽ പതിച്ച അറിയിപ്പുകൾ നീക്കം ചെയ്തുവെന്നും ഉറപ്പാക്കണം.

Related Topics

Share this story