Times Kerala

 അനധികൃത ഇടപാടുകള്‍ക്കെതിരെ കര്‍ശന നടപടി

 
 വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തും; യാത്രക്കാര്‍ രേഖകള്‍ കരുതണം
 

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകന്‍ ഡോ. എ. വെങ്കടേഷ്ബാബു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ സാന്നിധ്യത്തില്‍ ചേമ്പറില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷിക്കുന്നതിന് ചുമതലയുള്ള സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ പ്രത്യേക യോഗത്തിലാണ് അറിയിപ്പ്.

അനധികൃത മദ്യവില്‍പന- കടത്ത്, മയക്കുമരുന്ന്, നിരോധിത വസതുക്കളുടെ വ്യാപനം, വനമേഖല കേന്ദ്രീകരിച്ചുള്ള നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച തോതിലുള്ള ധനവിനിയോഗം, വാഹനങ്ങളില്‍ നിശ്ചിതതോതിലധികം പണം കൊണ്ടുപോകുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം കണ്ടെത്തി ഉചിത നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. പൊലിസ്-എക്‌സൈസ്-വനം വകുപ്പുകളുടെ പരിശോധനകള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കൂടുതല്‍ ശക്തമാക്കണം. ആവശ്യമായ ഉദ്യോഗസ്ഥ വിന്യാസവും ഉറപ്പാക്കണം. പ്രചാരണ രംഗത്ത് കണക്കിലധികം പണംചിലവഴിക്കുന്നതും കണ്ടെത്തി നടപടി സ്വീകരിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ദിവസം വരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

സിറ്റി പൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ. ഡി. എം സി. എസ്. അനില്‍, റൂറല്‍ പൊലിസ് മേധാവി സാബു മാത്യു, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, ഫിനാന്‍സ് ഓഫീസര്‍ ജി. ആര്‍. ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story