Times Kerala

 കൂര്‍ക്കംവലി ഒരു രോഗമല്ല, രോഗ ലക്ഷണമാണ്; പരിഹാരമുണ്ട് 

 
 കൂര്‍ക്കംവലി ഒരു രോഗമല്ല, രോഗ ലക്ഷണമാണ്; പരിഹാരമുണ്ട് 
 

ഉറക്കപ്രശ്നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്നങ്ങളായി മാറാറുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്. കൂര്‍ക്കംവലി പലര്‍ക്കും വലിയ പ്രശ്‌നമാണ്.

ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നപ്രശ്നം തന്നെയാണ് കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു നിമിഷം പോലും വിടാതെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ആ വേളയില്‍ നേരിയശബ്ദം പോലും ഉണ്ടാകാറില്ല. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്.

സാധാരണഗതിയില്‍ ഉറങ്ങുമ്പോള്‍ വായു മൂക്കിലൂടെയോ വായിലൂടെയോ ഉള്ളിലെത്തി തൊണ്ടവഴി ശ്വാസനാളികള്‍ വഴി ശ്വാസകോശത്തിലെത്തുന്നു. ഈ സഞ്ചാരപാതയില്‍ തടസമൂലമുണ്ടാകുന്ന ശബ്ദത്തെയാണ് കൂര്‍ക്കംവലി എന്ന് പറയുന്നത്.

മൂക്കിലെ തടിപ്പുകള്‍, മൂക്ക് വളഞ്ഞിരിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുക, തൈറോയ്ഡ് പ്രശ്നങ്ങള്‍ ഇവയൊക്കെയാണ് കൂര്‍ക്കംവലിക്കുള്ള കാരണങ്ങള്‍. എന്നാല്‍ അമിതവണ്ണം തന്നെയാണ് കൂര്‍ക്കംവലിക്ക് പ്രധാനകാരണമെന്ന് ഡോ. ജെയ്സി തോമസ് പറയുന്നു. മദ്യപാനം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയും പുകവലിക്ക് പ്രധാനകാരണങ്ങളാണ്. നീര്‍ക്കെട്ട് ഉണ്ടാകുന്നതും പുകവലിക്ക് കാരണമാകാറുണ്ടെന്നും മുമ്പ് നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒച്ചത്തിലുള്ള കൂര്‍ക്കംവലി ഉണ്ടെങ്കില്‍ ഉറപ്പായും ഡോക്ടറിനെ കാണണം. സ്ഥിരമായി കൂര്‍ക്കംവലി ഉണ്ടാകുന്നവര്‍ക്ക് പകല്‍ വല്ലാത്ത ക്ഷീണം, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം, ഉറക്കകുറവ്, തലവേദന, ഓര്‍മ്മക്കുറവ് ഇവയൊക്കെ കാണാറുണ്ട്.

കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാല്‍ കൂര്‍ക്കം വലി കുറയ്ക്കാനാകും. ഉറക്ക ഗുളികകള്‍ ഉപയോഗിക്കുന്നത് കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.

പരിഹാര മാര്‍ഗം

ചരിഞ്ഞു കിടക്കുക
മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ കഴുത്തിലെ പേശികള്‍ അയഞ്ഞു തളര്‍ന്ന് ശ്വാസനാളം ചുരുങ്ങി കൂര്‍ക്കംവലിയുണ്ടാകാം.ചരിഞ്ഞു കിടന്നാല്‍ ഈ പ്രശ്നം വലിയൊരളവോളം പരിഹരിക്കാനാവും.

തടികുറയ്ക്കുക
കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്നം പരിഹരിക്കാനാവും.

തലയണ വേണ്ട
മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.

അത്താഴം നേരത്തേ കഴിക്കുക
ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും.

Related Topics

Share this story