കുട്ടികൾ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം

ഓൺലൈൻ പഠനകാലത്ത് വിദ്യാഭ്യാസ വകുപ്പ് കുട്ടികളിൽ നടത്തിയ പഠനത്തിൽ 36 ശതമാനം പേർക്ക് തലവേദനയും 28 ശതമാനത്തിന് കണ്ണിന് ക്ഷീണവും കണ്ടെത്തിയിരുന്നു, ഈ സാഹചര്യത്തിലാണ് കണ്ണിന്റെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം കാരണം കണ്ണിന്റെ വരൾച്ചയാണ് ഭൂരിഭാഗം കുട്ടികളും നേരിടാൻ സാദ്ധ്യതയുള്ള പ്രധാന പ്രശ്‌നം. കൃത്യമായി സ്‌ക്രീനിൽ മാത്രം നോക്കി പരിചരിച്ചവർ ഇമവെട്ടാൻ മറന്നുപോകും. പിന്നെ അത് ശീലമാകും.
കൃഷ്ണമണിക്ക് പുറത്തെ കണ്ണുനീരിന്റെ നേർത്ത പടലമാണ് ടിയർഫിലിം. ഇമവെട്ടുമ്പോൾ ടിയർഫിലിം കൃഷ്ണമണിയിൽ പടരും. കുമിളപോലെ ഒരു ടിയർ ഫിലിം ഉണ്ടായാൽ 20 സെക്കൻഡ് മാത്രമാണ് നിലനിൽക്കുന്നത്. വീണ്ടും ടിയർഫിലിം ഉണ്ടാകാൻ ഇമവെട്ടണം. ടിയർഫിലിം ഉണ്ടാകാത്തതാണ് കണ്ണിലെ വരൾച്ചയ്ക്ക് കാരണം. ഇത്തരം പ്രശ്‌നങ്ങളുള്ളവർ ഉടൻ നേത്രരോഗ വിദഗ്ധനെ കണ്ട് ആവശ്യമായ ചികിത്സ തേടണം.
ഉറക്ക കുറവ്, കണ്ണുവേദന, കണ്ണിന് ക്ഷീണം, കരട് ഉണ്ടെന്ന തോന്നൽ, കണ്ണിൽ നിന്ന് വെള്ളം വരിക, ഉറക്കക്ഷീണം, തലവേദന, കണ്ണ് അടയുന്ന തോന്നൽ തുടങ്ങിയ പ്രശ്‌നങ്ങൾ കുട്ടികൾക്ക് ഉണ്ടോയെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഡോ. മിനു ദത്ത് (നേത്രരോഗവിദഗ്ധ)
മാനേജിംഗ് ഡയറക്ടർ, ആര്യ ഐ കെയർ, തൃശൂർ