രാവിലെ എഴുന്നേറ്റയുടന്‍ ജീരകവെള്ളം കുടിക്കാം…ഗുണങ്ങള്‍ ഏറെ

 രാവിലെ എഴുന്നേറ്റയുടന്‍ ജീരകവെള്ളം കുടിക്കാം…ഗുണങ്ങള്‍ ഏറെ
 

നമ്മുടെയൊക്കെ വീടുകളില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് ജീരകം. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. അതുപോലെ തന്നെയാണ് ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലും. ഇത് നല്ലൊരു ദാഹശമനികൂടിയാണ്. രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ ജീരകം സഹായിക്കും. പഞ്ചസാര, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവയെല്ലാം ജീരകം എളുപ്പത്തില്‍ ദഹിപ്പിക്കുന്നു. ഇതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാം

ജീരകത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തില്‍ കയറിപ്പറ്റിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലൂടെ വിവിധ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്കാകുന്നു.

വിശപ്പിനെ വരുതിയിലാക്കുകയും, ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ശരീരത്തിലടിയുന്ന കൊഴുപ്പിന്റെ അളവിനെ ഇത് നിയന്ത്രിക്കുന്നു. അനാവശ്യമായി കൊഴുപ്പടിയാതിരിക്കുന്നത് ശരീരവണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു.

ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ജീരകം ചിത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും നല്ല കൊളസ്‌ട്രോളിനെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വെറുംവയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും. അയേണ്‍, വിറ്റാമിന്‍-എ, വിറ്റാമിന്‍-സി എന്നിവ കൊണ്ട് സമ്പുഷ്ടമായ ജീരകം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ കേടുപാട് കൂടാതെ കാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ പകുതിയിലധികം രോഗങ്ങളില്‍ നിന്ന് നമുക്ക് എളുപ്പത്തില്‍ മുക്തി നേടാം.

Share this story