കട്ടന്‍ ചായ ആളു ചില്ലറക്കാരനല്ല.! ഗുണങ്ങൾ അറിയാം...

 കട്ടന്‍ ചായ ആളു ചില്ലറക്കാരനല്ല.! ഗുണങ്ങൾ അറിയാം...
 

രാവിലെ ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നത് നമ്മള്‍ മലയാളികളുടെ ശീലങ്ങളില്‍ ഒന്നാണ്. ചായയില്ലെങ്കില്‍ ഒരു ഗ്ലാസ്സ് കട്ടന്‍ചായയെങ്കിലും കിട്ടിയാലേ നമുക്ക് സമാധാനമാവൂ. എന്നാല്‍ ഈ ചായ കുടിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ശരിക്കും ആരോഗ്യമാണ്.

അല്‍പം വെള്ളം തിളപ്പിച്ച് കുറച്ച് തേയിലപ്പൊടിയും പഞ്ചസാരയും ചേര്‍ത്താല്‍ നല്ല ഉഗ്രന്‍ കട്ടനായി. രുചിയില്‍ മാത്രമല്ല ഗുണത്തിലും കേമനാണ് കട്ടന്‍ ചായ. നമ്മളില്‍ പലരും ഈ ഗുണം അറിഞ്ഞ് കൊണ്ടല്ല കട്ടന്‍ ചായ കുടിക്കുന്നതെങ്കിലും അറിഞ്ഞോ അറിയാതെയോ നിരവധി ആരോഗ്യ ഗുണങ്ങളാണ് കട്ടന്‍ ചായ നമുക്ക് തരുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കട്ടന്‍ ചായക്കുള്ളതെന്നു നോക്കാം…

ഹൃദയാരോഗ്യം

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായയ്ക്കുള്ള കഴിവ് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ് ആയ ഫ്‌ലവനോയിഡുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല ഹൃദയ ധമനികളുടെയും രക്തക്കുഴലുകളുടെയും ആരോഗ്യവും കാക്കുന്നു. തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും മാംഗനീസും ഹൃദയപേശികള്‍ക്കു ബലം നല്‍കുന്നു.

രോഗ പ്രതിരോധ ശേഷി ഉയര്‍ത്തും

രോഗം ഉണ്ടാക്കുന്ന വിവിധ തരം ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്നതിന് രോഗ പ്രതിരോധ സംവിധാനം ശക്തമായിരിക്കേണ്ടതുണ്ട്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് പകര്‍ച്ചപ്പനി,ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്.

അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്തമാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ് രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം 3-4 കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് നീരുവരുന്നത് തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും സഹായിക്കും.

കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു

കൊളസ്ട്രോളിനെ പ്രതിരോധിക്കാനും കട്ടന്‍ചായ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ ആയ ഫ്ളവനോയ്ഡുകള്‍ കൊളസ്ട്രോള്‍ കുറക്കുന്നു. മാത്രമല്ല ധമനികളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ദഹനശേഷി മെച്ചപ്പെടുത്തും

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന് ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്നങ്ങളും നേരിടാന്‍ ഇവ സഹായിക്കും. അതിസാരത്തിന് പരിഹാരം നല്‍കുന്നതിന് പുറമെ കുടലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ് കുടല്‍ വീക്കം കുറയാന്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

കൊഴുപ്പ്, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്. കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക് പകരമായി ഇവ ഉപയോഗിക്കാം. കലോറി കൂടുന്നത് തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

മാനസികസമ്മര്‍ദ്ദം കുറക്കുന്നു

മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കി നല്ല മനോനില നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ.

ഉയര്‍ന്ന ഊര്‍ജ്ജം

കട്ടന്‍ ചായ കുടിക്കുന്നവര്‍ക്ക് അറിയാം ഇതൊരു ഊര്‍ജ്ജ പാനീയമാണന്ന്. ഇതില്‍ മിതമായ അളവില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ഏകാഗ്രതയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തും. കോള, കാപ്പി തുടങ്ങിയ പാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള കഫീനേക്കാളും ഗുണകരമാണ് കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും. ഇത്തരം സംയുക്തങ്ങള്‍ ഹൃദയധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും.

ചര്‍മ്മ സൗന്ദര്യത്തിന്

വൈറ്റമിന്‍ ബി-12, സി, ഇ എന്നിവ മാത്രമല്ല ചര്‍മ സംരക്ഷണത്തിനു സഹായിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ധാരാളമുണ്ട് കട്ടനില്‍. ചര്‍മ്മത്തില്‍ ചുളിവുകളും മുഖക്കുരുവും വരാതെ കാക്കാനും ചായയ്ക്കു കഴിവുണ്ട്. സൂര്യാഘാതം കുറയ്ക്കാന്‍ തേയില വെള്ളം മുഖത്ത് പുരട്ടാം. അതുപോലെ ഉപയോഗിച്ച് കഴിഞ്ഞ ടീബാഗുകള്‍ കൊണ്ടു കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും സാധിക്കും.

മുടിയഴകിന്

കട്ടനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും കഫീനും ആണ് മുടിയുടെ രക്ഷകര്‍. മുടിയുടെ വളര്‍ച്ച കൂട്ടാനും കൊഴിച്ചില്‍ തടയാനും ഇവ സഹായിക്കും. തണുത്ത മധുരം ഇല്ലാത്ത കട്ടന്‍ ചായ ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ മുടി കഴുകുന്നത് മുടിക്ക് കറുപ്പ് നിറം നല്‍കുന്നു.

Share this story