Times Kerala

 കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എന്‍ഡോക്രൈനോളജി വിഭാഗം വിപുലീകരിച്ചു.

 
news
 

കോഴിക്കോട് : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി വിഭാഗം കൂടുതല്‍ മികവുറ്റ സൗകര്യങ്ങളോടെ വിപുലീകരിച്ചു. എന്‍ഡോക്രൈനോളജി വിഭാഗത്തിന് മാത്രമായി വിശാലമായ സൗകര്യങ്ങളോടെ പുതിയ ഫ്‌ളോര്‍ സജ്ജീകരിച്ചതിന് പുറമെ അതിനൂതനമായ ഡയബറ്റിക് മിനിലാബ്, ആർട്ടിഫിഷ്യൽ ഇന്റെലിജന്സ് സഹായത്തോടെ പ്രവർത്തിക്കുന്ന അതിനൂതന ഇന്‍സുലിന്‍ പമ്പ്, ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ആംബുലെറ്റോറി ഗ്ലുക്കോസ് മോണിറ്ററിംഗ് ഡിവൈസ്, തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡയബറ്റിക് മിനിലാബ് സംവിധാനവും, ഇന്‍സുലിന്‍ പമ്പ് സംവിധാനവുമുള്ള ഉത്തര കേരളത്തിലെ ഏക എന്‍ഡോക്രൈനോളജി സെന്ററാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലേത് എന്നതും പ്രത്യേകതയാണ്. ഹോർമോൺ സംബന്ധമായ നിലവിലുള്ള എല്ലാ പരിശോധനകളും സജ്ജീകൃതമാക്കിയിട്ടുള്ള ലാബും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. 

പ്രമേഹരോഗത്തിന്റെ പ്രത്യാഘാതം അനുഭവപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള അവയവമാണ് കാല്‍പ്പാദം. രൂക്ഷമായ പ്രമേഹബാധ മൂലം കാല്‍ മുറിച്ച് കളയേണ്ടി വരുന്ന അവസ്ഥ ധാരാളമായി കാണപ്പെടാറുണ്ട്. പ്രമേഹം കാലിനെ ബാധിക്കാനുള്ള സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്നതാണ് ഈ അവസ്ഥയെ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം. ഇതിന് സഹായകരമായ ഉപകരണമാണ് ഡയബറ്റിസ് മിനിലാബ്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കൃത്യമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന എ ബി ഇന്‍ഡക്‌സ്, ചെറിയ രക്തധമനികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന വൈബ്രോത്തോം, പാദത്തിന്റെ ടെമ്പറേച്ചര്‍ അറിയാന്‍ സഹായകരമാകുന്ന ഫൂട് ടെമ്പറേച്ചര്‍, പോഡിയാക് സ്‌കാനിംഗ് എന്നിവ ഈ ഉപകരണത്തില്‍ ലഭ്യമാണ്.

വിപുലീകരിച്ച എന്‍ഡോക്രൈനോളജി വിഭാഗത്തിന്റെ ഉദ്ഘാടനം ആസ്റ്റർ മിംസ് സി എം എസും കുട്ടികളുടെ സർജറി വിഭാഗം തലവനുമായ ഡോ എബ്രഹാം മാമ്മൻ, ജനറല്‍ സര്‍ജറി വിഭാഗം തലവൻ ഡോ. റോജന്‍ കുരുവിള, ജനറല്‍ മെഡിസിൻ വിഭാഗം തലവൻ ഡോ. മനോജന്‍ തെക്കേടത്ത് എന്നിവർ ചേര്‍ന്ന്, നിര്‍വ്വഹിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റുമായ ഡോ. വിമല്‍ എം. വി, സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. വിനോദ് യു, പീഡിയാട്രിക് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ ധന്യ എസ് എം, സി. ഒ. ഒ. ലുക്മാന്‍ പൊന്മാടത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Topics

Share this story