Times Kerala

സദാചാരമൊക്കെ കൊറോണ കഴിഞ്ഞ് ആകാന്നേ, അതു വരെ തൽക്കാലം അതൊക്കെ വിട്ടുപിടി മാഷേ; ജോമോൾ ജോസഫിന്റെ കുറിപ്പ്

 
സദാചാരമൊക്കെ കൊറോണ കഴിഞ്ഞ് ആകാന്നേ, അതു വരെ തൽക്കാലം അതൊക്കെ വിട്ടുപിടി മാഷേ; ജോമോൾ ജോസഫിന്റെ കുറിപ്പ്

#ജോമോൾ ജോസഫ് 

കപട സദാചാരബോധം വിട്ടുപിടിക്കാത്ത ആശുപത്രികളിലെ കൊറോണക്കാലം..

ആരെത്ര പറഞ്ഞാലും, എത്രയൊക്കെ നിർദ്ദേശങ്ങൾ കൊടുത്താലും പലർക്കും ഇന്നും കാര്യങ്ങൾ അങ്ങ് വ്യക്തമായി മനസ്സിലാകുന്നില്ല എന്നാണ് തോന്നുന്നത്. അതോ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നതോ, അതോ നിർദ്ദേശങ്ങൾ ലംഘിക്കുന്നതിനുള്ള പ്രത്യേക താൽപര്യമോ?

ഞാൻ ഒരാഴ്ചയായി ആശുപത്രി വാസത്തിലാണ്. ഈ ഒരാഴ്ചക്കാലവും സന്ദർശക സമയത്ത് ആശുപത്രിയിൽ വലിയ ആൾക്കുട്ടം തന്നെയാണ് വന്നുപോകുന്നത്. ഓരോ ബെഡ്ഡിലും നാലോ അഞ്ചോ പേരൊക്കെയാണ് വന്ന് കൂട്ടംകൂടിയും, രോഗിയുട ബെഡ്ഡിൽ ഇരുന്നും കിടന്നും ഒക്കെ മണിക്കൂറുകൾ ചിലവഴിക്കുന്നത്. എത്ര വിവരക്കേടും, സമൂഹത്തിന് എത്ര ദോഷകരവുമാണ് ഈ വിഷയം?

ഞാനിവിടെ അഡ്മിറ്റായ നിമിഷം മുതൽ വിനു മാത്രമാണ് എനിക്ക് ബൈസ്റ്റാന്ററായി ഉണ്ടായിരുന്നത്. വിനു വീട്ടിലേക്ക് പോകുമ്പോൾ ഞാൻ ഒറ്റക്ക് തന്നെയാണ് ആശുപത്രിയിൽ നിന്നത്. പ്രസവദിവസം മാത്രം ഞങ്ങളുടെ ഒരു പെൺസുഹൃത്ത് വന്നു നിന്നു, പ്രസവ സമയത്ത് വിനുവും കൂടി ആകെ രണ്ടേ രണ്ടു പേർ. പ്രസവം കഴിഞ്ഞ് രഹന ഉള്ളപ്പോൾ വിനു നിൽക്കില്ല, രഹന പോകുമ്പോൾ വിനു വരും. ഇതു വരെ മറ്റാരേയും സന്ദർശകരായി അനുവദിക്കുകയോ, വരാനായി വിളിക്കുകയോ, വരാൻ നോക്കുന്നവരെ ഞങ്ങൾ തടയുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ആശുപത്രിയേതെന്ന് പോലും ആരോടും ഞങ്ങൾ പറയാത്തതും.

എന്നാൽ മറ്റു പല ബെഡ്ഡുകളിലേയും അവസ്ഥ ഇതല്ല.

ഗർഭിണിയുടെ ഭർത്താവ്, അവളുടെ അമ്മ, ഭർത്താവിന്റെ അമ്മ, ഗർഭിണിയുടെ സഹോദരിമാരിൽ ആരെങ്കിലും, ഭർത്താവിന്റെ സഹോദരിമാരിൽ ആരെങ്കിലും, പിന്നെ രണ്ടുപേരുടേയും ബന്ധുക്കൾ, അയൽ വാസികളിൽ ആരെങ്കിലും.. ഇങ്ങനെ സന്ദർശന സമയത്ത് കുറഞ്ഞത് നാലോ അഞ്ചോ ആളുകൾ ബെഡ്ഡിന് ചുറ്റും കൂടി നിന്നില്ല എങ്കിൽ മലയാളിയുട അഭിമാനബോധത്തിന് എന്തോ ക്ഷതം സംഭവിക്കുന്നു എന്നതാണ് മലയാളികളുടെ ചിന്ത. ഈ ചിന്ത മാറേണ്ടതുണ്ട്. ഗർഭിണിയുടെ ഭർത്താവും, പിന്നെ രാത്രികാലങ്ങളിൽ അത്യാവശ്യ സമയത്ത് ഒരു സ്ത്രീയും (ശരിക്കും ഭർത്താവ് മാത്രമേ ആവശ്യമുള്ളൂ, സദാചാര ചിന്തയിൽ നിന്നാണല്ലോ സ്ത്രീകളുടെ വാർഡിൽ പുരുഷൻമാർ പാടില്ല എന്ന ചിന്ത തന്നെ വരുന്നത്. അത് പിന്നീടെഴുതാം) മാത്രമേ ആവശ്യമുള്ളൂ. അല്ലാതെ ബന്ധുബലവും ആൾബലവും കാണിക്കാനായി ഇത് രാഷ്ട്രീയ പാർട്ടികളുടെയോ മതങ്ങളുടേയോ മറ്റ് സംഘനടനകളുടേയോ സമ്മേളനമല്ലല്ലോ ഇവിടെ നടക്കുന്നത്.

എന്നാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ആശുപത്രി ജീവനക്കാരുടെ ശ്രദ്ധ മറ്റു പലതിലുമാണ്. അതിൽ ചിലത് സൂചിപ്പിക്കാം..

1. അഡ്മിറ്റായി ചികിൽസയിൽ കഴിയുന്ന സ്ത്രീയുടെ ഭർത്താവായ പുരുഷൻ വാർഡിലേക്കെങ്ങാനും കയറി വരുന്നുണ്ടോ? വന്നാൽ അയാളെ തെറി വിളിച്ചോ ചീത്ത പറഞ്ഞോ അവിടെ നിന്നും എത്രയും പെട്ടന്ന് ഓടിക്കണം.

2. അഡ്മിറ്റായി ചികിസയിൽ കഴിയുന്ന ഗർഭിണിയുടെ വസ്ത്രധാരണ രീതി കാലഹരണപ്പെട്ട സദാചാര ചിന്തകൾക്ക് വിധേയമാണോ? അവൾ ധരിക്കുന്ന വസ്ത്രം കാലുമുതൽ കഴുത്തും കൈകളും മറക്കുന്നതാണോ? ആ വസ്ത്രത്തിന് മുകളിലൂടെ തോർത്തോ ഷാളോ ഇട്ട് അവൾ മാറിന് മൂന്നാം ലെയർ മറ നൽകിയിട്ടുണ്ടോ?

ഇല്ല എങ്കിൽ

ദിവസവും രാവിലെ അവളെ നഴ്സിങ് സൂപ്രണ്ട് വന്ന് തെറി വിളിച്ചോ ചീത്ത പറഞ്ഞോ അവളെ സദാചാര ചിന്തകളിൽ തളച്ചിടാനായി ആവതുംശ്രമിക്കും.

ഡോക്ടർ വരുമ്പോഴും ഗർഭിണിയെ പരിശോധിക്കുന്നതിനു പകരം, അവളെ ഉപദേശിച്ചും ചീത്ത പറഞ്ഞും അവളെകൊണ്ട് എങ്ങനേയും വസ്ത്രം മാറ്റിക്കുക എന്നതിനാണ് ശ്രമിക്കുക. ഗർഭിണിയുടെ പരിശോധനയൊക്കെ നടത്തിയില്ലേലും സദാചാരചിന്തകളെ വളർത്താതെ എന്ത് ഗൈനക് ഡോക്ടർ!!

ഇനിയും കുറെയുണ്ട്, പിന്നെ എഴുതാം. ആ എഴുതിയത് പരാതിയായി ആരോഗ്യ മന്ത്രിക്കും നേരിട്ട് ചെന്നു കണ്ട് കൊടുക്കും. ആദ്യം കൊറോണ കഴിയട്ടെ, പിന്നെ ബാക്കി..

എനിക്ക് പറയാനുള്ളത് ചികിൽസയിൽ കഴിയുന്നവരോടും, ആശുപത്രി ജീവനക്കാരോടുമാണ്.

കുടെ ഒരേയൊരു ബൈസ്റ്റാന്ററെ മാത്രം നിർത്താൻ ചികിൽസയിൽ കഴിയുന്നവർ ശ്രദ്ധിക്കുക. ബന്ധുക്കളും സൃഹൃത്തുക്കളും അയൽക്കാരും ഒക്കെ വീട്ടിലിരിക്കട്ടെ. ഇന്നൊരാൾ നാളെ വേറൊരാൾ അങ്ങനെ ആളുകളെ മാറി മാറി നിർത്താതിരിക്കാനും ശ്രദ്ധിക്കുക. സന്ദർശക സമയത്തായാൽ പോലും, ഒന്നിലധികം ആളുകളെ രോഗിയുടെ കൂടെ നിർത്താതിരിക്കാൻ ആശുപത്രി ജീവനക്കാർ ശ്രദ്ധിക്കുക. കൊറോണയെ അതിജീവിക്കാനായി ഇതല്ലാതെ വേറെ വഴിയില്ല.

സദാചാരമൊക്കെ കൊറോണ കഴിഞ്ഞ് ആകാന്നേ, അതു വരെ തൽക്കാലം അതൊക്കെ വിട്ടുപിടി മാഷേ.

നബി – ആദിയെ പ്രസവിച്ച സമയത്തും ഒരു മാസത്തോളം ഞങ്ങൾ ഒരു സന്ദർശകരേയും അനുവദിച്ചിരുന്നില്ല, കാരണം ന്യൂബോൺ ബേബീസിന് ഇമ്യൂണിറ്റി കുറവായതിനാൽ ജലദോഷം പനി ഇൻഫക്ഷനുകൾ ഒക്കെ ആരിൽ നിന്നും പെട്ടന്ന് പിടിപെടും എന്നതും, കുഞ്ഞിനെ ആളുകൾ മാറിമാറിയേടുക്കുന്നത് കുഞ്ഞുങ്ങൾക്ക് ശരീരവേദന ഉണ്ടാക്കും എന്നതും നമ്മൾ മനസ്സിലാക്കണം.

Related Topics

Share this story