Times Kerala

ഷീബയുടെ കൊലപാതകം: ലക്ഷ്യം മോഷണം മാത്രമായിരുന്നില്ലെന്ന് പോലീസ്; അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്; കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്തി; കൊലപാതകത്തിന് ശേഷം കടത്തിക്കൊണ്ടു പോയ കാറിനായി തിരച്ചിൽ തുടരുന്നു

 
ഷീബയുടെ കൊലപാതകം: ലക്ഷ്യം മോഷണം മാത്രമായിരുന്നില്ലെന്ന് പോലീസ്; അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്; കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്തി; കൊലപാതകത്തിന് ശേഷം കടത്തിക്കൊണ്ടു പോയ കാറിനായി തിരച്ചിൽ തുടരുന്നു

കോട്ടയം: വേളൂരിൽ താഴത്തങ്ങാടി പാറപ്പാടം സ്വദേശിനിയായ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊലപാതകത്തിൽ പ്രതികളുടെ ലക്ഷ്യം മോഷണം മാത്രമായിരുന്നില്ലെന്ന് കോട്ടയം എസ്പി. കൊലപാതകത്തിൽ ഒന്നിലധികം പേരുടെ പങ്ക് സംശയിക്കുന്നുണ്ട്. ഇത് പരിശോധിക്കുകയാണെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്‍റെ പണ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യത കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനത്തിനായി പല സംഘങ്ങളായി തിരിഞ്ഞു പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. വീടിന്‍റെ സമീപത്ത് നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഇത് ആക്രമികള്‍ കൊണ്ടുപോയോ എന്ന് നേരത്തെ സംശയിച്ചിരുന്നു. അതേസമയം, അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിൽ കഴിയുന്ന ഷീബയുടെ ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണിതുവരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട നിലയിലായിരുന്നു. വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറാണ് കടത്തിക്കൊണ്ട് പോയിരിക്കുന്നത്. സാലിയുടെ സഹോദരന്റെ സമീപത്തുള്ള ഒഴിഞ്ഞ വീട് വാടകയ്‌ക്കെടുക്കാന്‍ വന്നവര്‍ പാചകവാതകത്തിന്റെ ഗന്ധത്തെക്കുറിച്ച് സമീപവാസികളെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍, രക്തത്തില്‍ കുളിച്ച് കൈകാലുകള്‍ കെട്ടിയനിലയില്‍ കൊല്ലപ്പെട്ട ഷീബയെയും ഭർത്താവിനെയും ഹാളില്‍ കണ്ടെത്തി.

മാത്രമല്ല, മൃതദേഹം കിടന്ന മുറിയില്‍ ഫാനിന്റെ ചിറക് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. കൈകാലുകള്‍ ഇരുമ്പുകമ്പികൊണ്ട് കൂട്ടിക്കെട്ടിയിരുന്നു. ഇരുമ്പുകമ്പിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷീബയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലക്ക് ഭരമേറിയ എന്തോ വസ്തു കൊണ്ട് ഏറ്റ അടിയിലാണ് മരണം സംഭവിച്ചിരിക്കുന്നത്.

Related Topics

Share this story