തൊണ്ടയിൽ മീന്മുള്ള് കുടുങ്ങി യുവതി മരിച്ചു; മരണവാർത്തയറിഞ്ഞ സഹോദരൻ തൂങ്ങി മരിച്ചു
ഏറ്റുമാനൂർ: സഹോദരി തൊണ്ടയിൽ മീൻമുള്ളു കരുങ്ങി മരിച്ചതറിഞ്ഞു മനോവിഷമം താങ്ങാനാകാതെ സഹോദരൻ ജീവനൊടുക്കി. അതിരമ്പുഴ കുറ്റിയേൽകവല ഭാഗത്ത് വഞ്ചിപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ സിന്ധു (45) ആണ് മീന്മുള്ള് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ചത്. ഇതിൽ മനംനൊന്താണ് സഹോദരൻ സുനിൽ(37) തൂങ്ങിമരിച്ചത്. ഒരാഴ്ചമുമ്പ് ഭക്ഷണം കഴിക്കുന്നതിനിടയിൽ സിന്ധുവിന്റെ തൊണ്ടയിൽ മീന്മുള്ള് കുടുങ്ങുകയായിരുന്നു. തുടർന്ന് അണുബാധയുണ്ടായി. ഇതിനിടെ ന്യൂമോണിയയും ബാധിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിന്ധു മരിച്ചു. മരണവിവരമറിഞ്ഞെത്തിയ സുനിൽ അല്പസമയ ശേഷം സമീപത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. അവിവാഹിതനായ സുനിൽ എം.ജി.യൂണിവേഴ്സിറ്റി ജങ്ഷനിൽ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അലീന (12)യാണ് സിന്ധുവിന്റെ മകൾ.ശവസംസ്കാരം ചൊവ്വാഴ്ച മണ്ണാർകുന്ന് സെന്റ് ഗ്രീഗോറിയോസ് പള്ളി സെമിത്തേരിയിൽ.