Times Kerala

അടൂര്‍ ജനറല്‍ ആശുപത്രി പ്രത്യേക നവജാത ശിശുപരിചരണ വിഭാഗം ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

 
അടൂര്‍ ജനറല്‍ ആശുപത്രി പ്രത്യേക നവജാത ശിശുപരിചരണ വിഭാഗം ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശുപരിചരണ വിഭാഗം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാട മുറിച്ച് പ്രത്യേക നവജാത ശിശുപരിചരണ വിഭാഗം നാടിനു സമര്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ ഏക നവജാത ശിശു പ്രത്യേക പരിചരണ യൂണിറ്റാണിത്. ആരോഗ്യകേരളം 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20.7 ലക്ഷം രൂപാ ചെലവില്‍ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഇതില്‍ അഞ്ച് ഇന്‍ബോണ്‍ യൂണിറ്റ്, നാല് ഔട്ട്ബോണ്‍ യൂണിറ്റ്, ട്രയാജ് ഏരിയ, സെന്‍ട്രല്‍ ഓക്സിജന്‍ സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുന്നു. ഫോട്ടോ തെറാപ്പി യൂണിറ്റ് ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

നവജാത ശിശുക്കളിലെ രക്തത്തിലെ അണുബാധ, ജനിക്കുമ്പോള്‍ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണം, നവജാത ശിശുക്കളിലെ രക്തം മാറ്റിവയ്ക്കല്‍, നവജാത ശിശുക്കളില്‍ അധികമായി കാണുന്ന മഞ്ഞനിറം, ജനിച്ച് 28 ദിവസത്തിന് അകമുള്ള അണുബാധ, ഡയബറ്റിക് ബാധിതരായ അമ്മമാരുടെ നവജാതശിശുക്കളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ജനിച്ച ഉടന്‍ കരയാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണം (വെന്റിലേറ്റര്‍ ആവശ്യം ഇല്ലാത്തവര്‍), ഫീറ്റല്‍ ഡിസ്ട്രെസ് ആയി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സ എന്നിവ ഇവിടെ ലഭിക്കും. പത്ത് കുട്ടികള്‍ക്ക് ഒരേസമയം ചികിത്സ നല്‍കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ സാബു, കൗണ്‍സിലര്‍മാരായ രമേശ് വരിക്കോലില്‍, ഡി. ശശികുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി.ജയന്‍, ബി.ഹര്‍ഷകുമാര്‍, ടി.ഡി.ബൈജു, ശശി കുമാര്‍, സാജു മിഖായേല്‍, മദര്‍തെരേസ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രസിഡന്റ് അഡ്വ. എസ്. മനോജ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story