ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ച് തലയിലിടിച്ച് യുവാവ് മരിച്ചു
Apr 4, 2024, 19:19 IST
തൃശൂർ: ഓടി കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്. ദേശീയ പാതയിൽ നടത്തറ സിഗ്നൽ ജംഗ്ഷനു സമീപം വൈകുന്നേരം 3.15നായിരുന്നു അപകടം സംഭവിച്ചത്.
കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ച് റോഡരികിൽ താത്കാലിക ഫാസ്റ്റ് ടാഗ് കൗണ്ടറിലുണ്ടായിരുന്ന ഹെബിന്റെ തലയിലിടിക്കുകയായിരുന്നു. കൗണ്ടറിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.