കാട്ടുപോത്ത് ആക്രമണം: കെസിബിസി പ്രസ്താവന പ്രകോപനപരമെന്ന് മന്ത്രി ശശീന്ദ്രൻ
May 21, 2023, 11:30 IST

തിരുവനന്തപുരം: കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസിയുടെ പ്രതികരണത്തിനെതിരേ വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനോട് ഏറ്റുമുട്ടലിന് ചിലർ നിരന്തരം ശ്രമിക്കുന്നു. മരിച്ചുപോയവരെ വെച്ച് ചിലർ ഈ സന്ദർഭത്തിൽ വിലപേശുകയാണെന്നും ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിലവിൽ കാട്ടുപോത്തിനെ കണ്ടെത്തുക ശ്രമകരമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രിയും പകലുമില്ലാതെ തെരച്ചിൽ നടത്തുകയാണ്. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.
അരിക്കൊമ്പനെ മയക്കു വെടിവെച്ചതിനെ ചോദ്യം ചെയ്ത ഹർജികൾ കോടതിയിലേക്ക് പോയി. കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാൻ വനം വകുപ്പിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയിൽ പോയേക്കും. കാട്ടുപോത്തിനെ മയക്കു വെടിവയ്ക്കുന്നത് ആരെങ്കിലും തടസപെടുത്തിയേക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.