ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വരുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം: എട്ടുവയസുകാരിയടക്കം മൂന്നുപേർക്ക് പരിക്ക്
Sat, 18 Mar 2023

ശാസ്താംകോട്ട: കാട്ടുപന്നിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി സ്വദേശികളായ സ്മിതാ ഭവനത്തിൽ ചെല്ലപ്പൻ പിള്ള (67), ആര്യ ഭവനത്തിൽ രവി (55), പോരുവഴി ഒൻപതാം വാർഡിൽ ചാങ്ങയിൽക്കാവ് വിജീഷ് ഭവനത്തിൽ സിദ്ധ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ടൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വൈകുന്നേരം ആറിന് കോയിപ്പുറത്തുവെച്ചാണ് സിദ്ധയെ പന്നി ആക്രമിച്ചത്. സിദ്ധയെ ഇടിച്ചിട്ടശേഷം പന്നി ഓടി മറയുകയായിരുന്നു. ചെല്ലപ്പൻ പിളള, രവി എന്നിവർക്ക് മുഖത്തും കാൽമുട്ടിനുമാണ് പരിക്കേറ്റത്. തുടർന്ന്, കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രവിയെയും ചെല്ലപ്പൻ പിള്ളയെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.