Times Kerala

 വന്യമൃഗ ശല്യം; സര്‍വ്വകക്ഷി യോഗം ചേരും: ജില്ലാ ആസൂത്രണ സമിതി

 
 വന്യമൃഗ ശല്യം; സര്‍വ്വകക്ഷി യോഗം ചേരും: ജില്ലാ ആസൂത്രണ സമിതി
 വയനാട്: ജില്ലയില്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ ആസൂത്രണ സമിതി. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് വിവിധ മേഖലകളില്‍ ചര്‍ച്ച നടത്തി സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.

ജില്ലയില്‍ ഒറ്റക്ക് താമസിക്കുന്ന അതിദരിദ്രരെ സംരക്ഷിക്കാന്‍ ഷെല്‍റ്റര്‍ ഹോം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പരിധികളില്‍ ഒറ്റക്ക് താമസിക്കുന്നവര്‍, ഭൂമി, വീട് ഇല്ലാതെ അലഞ്ഞ് നടക്കുന്നവര്‍ എന്നിവരെ കണ്ടെത്തി പട്ടിക തയ്യാറാക്കും. ഊരുകൂട്ടം യോഗങ്ങളില്‍ മൂപ്പന്‍മാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കണം. എസ്.ടി പ്രമോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാനും യോഗം അഭിപ്രായപ്പെട്ടു.

വിവിധ വകുപ്പ് നടപ്പാക്കുന്ന പദ്ധതി പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ, സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, മൂപ്പൈനാട്, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തുകളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്കും മാനന്തവാടി നഗരസഭാ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, കോട്ടത്തറ ഗ്രാമ പഞ്ചായത്തുകളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതിക്കും അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story