Times Kerala

 എന്താണ് റിട്ടയര്‍മെന്റ് ഫണ്ടുകള്‍? എങ്ങനെ വിരമിക്കല്‍ ആസൂത്രണം ചെയ്യാം?

 
 എന്താണ് റിട്ടയര്‍മെന്റ് ഫണ്ടുകള്‍? എങ്ങനെ വിരമിക്കല്‍ ആസൂത്രണം ചെയ്യാം?

 1. എന്താണ് റിട്ടയര്‍മെന്റ് ഫണ്ടുകള്‍?

സൊലൂഷന്‍ ഓറിയന്റഡ് ഫണ്ടുകളുടെ വിഭാഗത്തിലുള്ളതാണ് റിട്ടയര്‍മെന്റ് ഫണ്ടുകള്‍. കുറഞ്ഞത് അഞ്ച് വര്‍ഷമോ അല്ലെങ്കില്‍ വിരമിക്കല്‍ പ്രായംവരെയോ ലോക്ക് ഇന്‍ കാലയവ് ഈ ഫണ്ടുകള്‍ക്കുണ്ട്. റിട്ടയര്‍മെന്റിന് ശേഷമുള്ള  സാമ്പത്തിക സുരക്ഷയും സ്ഥിരമായ വരുമാനവും പ്രദാനംചെയ്യുന്നതിനുള്ള നിക്ഷേപമാണ് ഈ ഫണ്ടുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.

2. റിട്ടയര്‍മെന്റ് ആസൂത്രണം പ്രധാനമാകുന്നത് എന്തുകൊണ്ട്?

ജോലിയില്‍നിന്നുള്ള പ്രതിമാസ വരുമാനം ലഭിക്കാത്ത കാലയളവാണ് വിരമിച്ചശേഷമുള്ള ജീവിതം. വിരമിച്ചശേഷം ജീവിതശൈലിയില്‍ മാറ്റംവരുത്താതെ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുന്‍കൂട്ടിയുള്ള ആസൂത്രണം പ്രധാനമാണ്. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍പോലും സാമ്പത്തികമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതാണ് റിട്ടയര്‍മെന്റ് ആസൂത്രണം. താഴെ പറയുന്ന കാരണങ്ങളാണ് വിരമിക്കല്‍ ആസൂത്രണത്തിന്റെ അനിവാര്യത എടുത്തുകാണിക്കുന്നത്.

* ദീര്‍ഘായുസ്സും നല്ല ആരോഗ്യവും: ശാസ്ത്ര-സാങ്കേതിക മേഖലയിലെ മുന്നേറ്റംകൊണ്ട് വ്യക്തികളുടെ ആയുസ്സ് വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക ശേഷി വര്‍ധിപ്പിക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന റിസ്‌ക്. വാര്‍ദ്ധക്യത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ വിരമിക്കല്‍ ആസൂത്രണം അനിവാര്യമാണ്.

* മാറുന്ന സാമൂഹിക ഘടന: സാമൂഹ്യഘടനകള്‍ മാറിക്കൊണ്ടിരിക്കുന്നു. വിരമിച്ചശേഷം സാമ്പത്തിക കാര്യങ്ങള്‍ക്കായി ഭാവിതലമുറയെ ആശ്രയിക്കുന്നത് ഇനി ഓപ്ഷനല്ല.

* പണപ്പെരുപ്പം: വിലക്കയറ്റംമൂലം ചെലവുകളില്‍ കാര്യമായ വര്‍ധനവാണുണ്ടായിട്ടുള്ളത്. റിട്ടയര്‍മെന്റിനായി ആസൂത്രണം ചെയ്യുന്നില്ലെങ്കില്‍ വിലക്കയറ്റത്തിനൊപ്പം അതേ ജീവിത നിലവാരം നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കും.

* റിട്ടയര്‍മെന്റിന്റെ നിര്‍വചനം മാറുന്നു: വിരമിക്കല്‍ മിക്കവാറും പേര്‍ക്ക് ഇപ്പോള്‍ പുതിയ സാഹസികതയായാണ്. കുറഞ്ഞ ഉത്തരവാദിത്തങ്ങളും ഉയര്‍ന്ന സ്വാതന്ത്ര്യവും ഉള്ളതിനാല്‍ ഈ ഘട്ടത്തില്‍ ഹോബികള്‍ പിന്തുടരാനും ഗുണനിലവാരമുള്ള ജീവിതം നയിക്കാനും ഉപയോഗിക്കാം. അതിനായി മതിയായ സാമ്പത്തികം ആവശ്യമാണ്. അതുകൊണ്ടുതന്നെ വിരമിക്കല്‍ ആസൂത്രണം പ്രധാനമാണ്.

3. എങ്ങനെ വിരമിക്കല്‍ ആസൂത്രണം ചെയ്യാം?

വിരമിക്കല്‍ ആസൂത്രണത്തില്‍ താഴെപ്പറയുന്ന പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു:

എ. നേരത്തെ ആരംഭിക്കുക: നേരത്തെ നിക്ഷേപം തുടങ്ങുന്നത് നിക്ഷേപം വളരുന്നതിനും കോമ്പൗണ്ടിങിന്റെ നേട്ടം ലഭിക്കുന്നതിന് മതിയായ സമയം നല്‍കുന്നതിനും അനുവദിക്കുന്നു.

ബി. എത്രവര്‍ഷമുണ്ടെന്ന് കണക്കാക്കുക: വിരമിക്കല്‍ ആസുത്രണം ആരംഭിക്കുമ്പോള്‍ വിരമിക്കല്‍ പ്രായവും ആയുര്‍ദൈര്‍ഘ്യവും നിര്‍ണിയിക്കേണ്ടതുണ്ട്. ജോലി ചെയ്യുന്ന കാലയളവും ആയൂര്‍ദൈര്‍ഘ്യവും കണക്കാക്കുക. ജോലി ചെയ്യുന്ന വര്‍ഷങ്ങളുടെ എണ്ണവും വിരമിക്കലിന് ശേഷമുള്ള വര്‍ഷങ്ങളും കണക്കാക്കാന്‍ ഇത് സഹായിക്കും. ഉദാഹരണത്തിന്, നിലവിലെ പ്രായം 30 ആണെന്ന് കരുതുക. വിരമിക്കുന്നത് 58 വയസ്സിലുമാണെന്നിരിക്കട്ടെ. ആയൂര്‍ദൈര്‍ഘ്യം 80 ആണെങ്കില്‍ തൊഴില്‍ 28 വര്‍ഷവും വിരമിക്കലിന് ശേഷമുള്ള വര്‍ഷങ്ങള്‍ 22ഉം ആയിരിക്കും.

സി. നിലവിലെയും ഭാവിയിലെയും ചെലവ് അറിയുക: നിലവിലെ പ്രതിമാസ ജീവിത ചെലവ് അറിയുക. അത് ഭാവിയിലെ ചെലവുകള്‍ കണക്കാക്കാന്‍ സഹായിക്കും. ഭാവിലിയെ പ്രതിമാസ ചെലവുകള്‍ കണക്കാക്കുമ്പോള്‍, പണപ്പെരുപ്പ നിരക്ക് പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നിലവിലെ പ്രതിമാസ ചെലവ് 50,000 രൂപയും 20 വര്‍ഷത്തിന് ശേഷം 5.3 ശതമാനം പണപ്പെരുപ്പവും കണക്കാക്കിയാല്‍ അതേ തുക 1.4 ലക്ഷം രൂപവരും.

ഡി. റിട്ടയര്‍മെന്റ് തുക കണക്കാക്കുക: റിട്ടയര്‍മെന്റ് തുക(കോര്‍പസ്) എന്നത് വിരമിക്കലിന് മുമ്പ് സമാഹരിക്കേണ്ട മൊത്തം പണമാണ്. വിരമിക്കലിന് ശേഷമുള്ള എല്ലാചെലവുകളും വഹിക്കാന്‍ അതിന് കഴിയണം. സാധാരണഗതിയില്‍ വിരമിക്കലിന് ശേഷമുള്ള ജീവിതത്തിലെ അനിശ്ചിതത്വങ്ങള്‍ നികത്താന്‍ 10%-15% കൂടുതല്‍ തുക ചേര്‍ക്കുന്നത് നല്ലതാണ്.

ഇ. എത്രതുക നിക്ഷേപിക്കണമെന്ന് കണക്കാക്കുക: വിരമിക്കലിന് എത്രതുക സമാഹരിക്കണമെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയാം. ആ തുകയില്‍ എത്താന്‍ ഓരോ മാസവും എത്രമാത്രം പണം നീക്കിവെയ്ക്കണമെന്ന് കണക്കാക്കേണ്ടതുണ്ട്. ചിട്ടയായ ഇടവേളകളില്‍ ഈ തുക നിക്ഷേപിക്കുകയും വേണം. സൊലൂഷന്‍ ഓറിയന്റഡ് റിട്ടയര്‍മെന്റ് പ്ലാനുകള്‍ റിട്ടയര്‍മെന്റിനായി നിക്ഷേപിക്കാന്‍ യോജിച്ച ഓപ്ഷനാണ്.

വിരമിക്കല്‍ ആസൂത്രണം ഒരു യാത്രയാണെന്ന് മനസിലാക്കണം. അതിന് അച്ചടക്കവും സ്ഥിരമായ പരിശ്രമവും ആവശ്യമാണ്. എന്നിരുന്നാലും നേരത്തെ ആരംഭിച്ച് യോജിച്ച തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്നതിലൂടെ സുരക്ഷിതമായ വിരമിക്കല്‍ സമ്പത്ത് നേടാന്‍ കഴിയും.

4. റിട്ടയര്‍മെന്റ് ആസൂത്രണത്തിനായി ഒറ്റത്തവണയായോ ചിട്ടയായോ നിക്ഷേപിക്കേണ്ടത്?

റിട്ടയര്‍മെന്റിനായി വലിയ തുകയാണ് സമാഹരിക്കേണ്ടിവരിക. അതുകൊണ്ടുതന്നെ എസ്‌ഐപിയാണ് മികച്ച നിക്ഷേപ രീതി. സ്റ്റെപ്പ് അപ് എസ്‌ഐപി രീതിയും സ്വീകരിക്കാവുന്നതാണ്.

5. റിട്ടയര്‍മെന്റ് ഫണ്ടുകളുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണ്?

റിട്ടയര്‍മെന്റ് ഫണ്ടുകള്‍ ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകളാണ്. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ ഉണ്ടാകും. അല്ലെങ്കില്‍ റിട്ടയര്‍മെന്റ് പ്രായമായ 58 വയസ്സുവരെയാകും കാലയളവ്.

വിരമിച്ചതിനുശേഷമുള്ള ജീവിതത്തിന് സ്ഥിരവരുമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാന്‍ ഈ വിഭാഗത്തിലെ ഫണ്ടുകള്‍ ലക്ഷ്യമിടുന്നു.

ഇക്വിറ്റി(65% മുതല്‍ 80%വരെ)യിലും സ്ഥിരവരുമാന സ്‌ക്യൂരിറ്റി(35% മുതല്‍ 20%വരെ)കളിലും നിക്ഷേപം നടത്തുന്നു. അതിലൂടെ വൈവിധ്യവത്കരണവും അസറ്റ് അലോക്കേഷന്‍ ആനുകൂല്യങ്ങളും സ്വന്തമാക്കാന്‍ കഴിയുന്നു.

വിരമിച്ചശേഷം, നിക്ഷേപകര്‍ക്ക് സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ല്യുപി)വഴി സ്ഥിരവരുമാനം ഉറപ്പാക്കുകയും ചെയ്യാം.

6. എന്തുകൊണ്ട് റിട്ടയര്‍മെന്റ് ഫണ്ടുകളില്‍ നിക്ഷേപിക്കണം?

റിട്ടയര്‍മെന്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ഭാവിയിലേക്കുള്ള നിക്ഷേപത്തിന് കൂടുതല്‍ വ്യക്തതയും ശ്രദ്ധയും ഉണ്ടാക്കുന്നതോടൊപ്പം സമാഹരിക്കുന്ന തുക മാസംതോറും തിരികെയെടുക്കാനുള്ള അവസരവും ലഭിക്കുന്നു. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവ് ഉള്ളതിനാല്‍ അച്ചടക്കത്തോടെ നിക്ഷേപിക്കാന്‍ കഴിയുന്നു. അതിലൂടെ ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ നിക്ഷേപകനെ സഹായിക്കുന്നു. കൂടാതെ ദീര്‍ഘകാല നിക്ഷേപത്തിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു.

തയ്യാറാക്കിയത്: പ്രതീഷ് കൃഷ്ണന്‍, ഫണ്ട് മാനേജര്‍ & സീനിയര്‍ അനലിസ്റ്റ്, ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട്

Related Topics

Share this story