ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം; 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം
Tue, 14 Mar 2023

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) വെളളിയാഴ്ച സംസ്ഥാന വ്യാപകമായി മെഡിക്കല്‍ സമരം നടത്തും. കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ആറുപേരില്‍ മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൂടിയാണ് സമരമെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെ ചികിത്സയില്‍ നിന്നും മാറി നിന്നാണ് സമരം നടത്തുക. അത്യാഹിതം, ലേബര്‍ റൂം എന്നീ സേവനങ്ങള്‍ ഒഴികെ എല്ലാം ബഹിഷ്ക്കരിക്കും. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം വന്നിട്ടും സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു.