കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിച്ചു : ഭർത്താവ് അറസ്റ്റിൽ
Sun, 19 Mar 2023

പത്തനംതിട്ട: ഗാർഹികപീഡന കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുനാട് മാമ്പാറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്പിൽ വീട്ടിൽ ജോസഫിന്റെ മകൻ പി.ജെ. മനോജ് എന്ന 48-കാരനെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ശാരീരിക, മാനസിക ഉപദ്രവങ്ങൾ പാടില്ലെന്ന റാന്നി ഗ്രാമ ന്യായാലയത്തിന്റെ അനുകൂല ഉത്തരവ് നിലനിൽക്കവേയാണ് ഇയാൾ ഭാര്യ സാലിയെ ഞായറാഴ്ച ഉച്ചയ്ക്ക് വീടുകയറി മർദ്ദിച്ച് അവശയാക്കിയത്. 8,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. എസ്ഐ വിജയൻ തമ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, പ്രതിയെ പെരുനാട് പൂവത്തുംമൂട് നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.