വി ഡി സതീശന് പിൻവാതിൽവഴി പ്രതിപക്ഷ നേതാവായതിന്റെ ഈഗോ, അരമണിക്കൂർ പോലും ജയിലിൽ കിടന്നിട്ടില്ലാത്ത വ്യക്തിയ്ക്ക് രാഷ്ട്രീയ ത്യാഗമറിയില്ലെന്ന് മുഹമ്മദ് റിയാസ്
Wed, 15 Mar 2023

തിരുവനന്തപുരം: സതീശന് പാല്പുഞ്ചിരിയോടെ ഖദറിട്ട് പ്രതിപക്ഷ നേതാവായ ആളെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പിന്‍വാതില്‍ വഴി പ്രതിപക്ഷനേതാവായതിന്റെ ഈഗോ ആണ് സതീശന്. അതുകൊണ്ടാണ് വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതെന്നും റിയാസ് പ്രതികരിച്ചു. സതീശന്റെ ഗുഡ്സര്‍ട്ടിഫിക്കറ്റ് വാങ്ങി മാത്രമേ മന്ത്രിപ്പണി എടുക്കാവൂ എന്നതാണ് ചിന്ത. ആ തോന്നല്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ പൂട്ടിവച്ചാല്‍ മതിയെന്നും റിയാസ് പറഞ്ഞു. മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണ് റിയാസെന്ന സതീശന്റെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടി.
'ജീവിതത്തിൽ ഇന്നുവരെ അരമണിക്കൂർ പോലും ജയിൽവാസം അനുഭവിക്കാത്ത വ്യക്തിയ്ക്ക് രാഷട്രീയ ത്യാഗം എന്താണെന്ന് അറിയില്ല. ഞങ്ങൾ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനം ചുമതലയേൽപ്പിച്ചിട്ടാണ്. സി പി എമ്മിനെതിരെ ആക്ഷേപം ഉയർന്നാൽ മിണ്ടാതിരിക്കേണ്ട സ്വതന്ത്ര പദവിയല്ല മന്ത്രി പദവി. അങ്ങനെ സ്വതന്ത്രരായല്ല മന്ത്രിയായത്. ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ചിട്ടാണ് ഞങ്ങൾ അധികാരത്തിലെത്തിയത്. നിരവധിപ്പേരുടെ ത്യാഗം അതിലുണ്ടെന്നും റിയാസ് പറഞ്ഞു.
ഒരു പ്രസ്ഥാനത്തിന്റെ നേതാവായി നിന്നശേഷം അവിടുത്തെ എംഎല്‍എമാരെ ബോധപൂര്‍വം വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്റേതെന്നും തുടര്‍ച്ചയായി രാഷ്ട്രീയവഞ്ചനയാണ് അദ്ദേഹം നടത്തുന്നതെന്നും റിയാസ് ആരോപിച്ചു.