കഠിനംകുളത്ത് തോക്കുകളും മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ
Fri, 17 Mar 2023

കഠിനംകുളം: കഠിനംകുളത്ത് തോക്കുകളും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31), കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. മൂന്ന് തോക്കുകൾ, വടിവാൾ, കത്തി, കഠാര തുടങ്ങിയവ പൊലീസ് പിടികൂടി. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനുസമീപം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഒരു ബൈക്കിലെത്തിയ മൂന്നുപേർ റോഡ് വശത്ത് നിൽക്കുകയായിരുന്ന യുവാക്കളുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന്, ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ കത്തിയുമായി യുവാക്കളെ ആക്രമിക്കാനിറങ്ങുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാർ കൂടുതലെത്തിയതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ, സംഘത്തിലുണ്ടായിരുന്ന ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തോക്കുൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകായായിരുന്നു