കൊച്ചി: സമ്പദ്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ രാജ്യമൊട്ടാകെ ഇന്ന് ആഘോഷിക്കുന്നു. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ. ഈ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെയും നിക്ഷേപങ്ങളുടെയും ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് ഹൈന്ദവ വിശ്വാസം.(Today is Akshaya Tritiya, celebrated as a day signifying endless prosperity, good fortune, and new beginnings)
ഹിന്ദു പുരാണങ്ങൾ പ്രകാരം അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട് നിരവധി പുണ്യകഥകളുണ്ട്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ജനിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പുണ്യനദിയായ ഗംഗ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയത് ഈ ദിവസമാണ്. വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയതും ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം. കുചേലൻ തന്റെ ദാരിദ്ര്യം മറന്ന് ഭഗവാൻ കൃഷ്ണനെ കാണാൻ പോയതും, പാഞ്ചാലിക്ക് വനവാസകാലത്ത് ഭഗവാൻ ‘അക്ഷയപാത്രം’ നൽകിയതും ഈ ദിനത്തിലാണ്.
ആദിശങ്കരൻ കനകധാരാ സ്തോത്രം ചൊല്ലി സ്വർണ്ണ നെല്ലിക്ക വർഷിച്ച് ഒരു ദരിദ്രയായ ഭക്തയുടെ ദാരിദ്ര്യം മാറ്റിയതും ഈ ദിനത്തിലാണെന്ന് കരുതപ്പെടുന്നു. ഈ ദിവസം ആരംഭിക്കുന്ന ഏതൊരു സംരംഭവും അഭിവൃദ്ധി പ്രാപിക്കുമെന്ന വിശ്വാസത്താൽ, പുതിയ ബിസിനസ്സുകൾ തുടങ്ങാനും സ്വർണ്ണം പോലുള്ള ലോഹങ്ങളിൽ നിക്ഷേപം നടത്താനും ഭൂരിഭാഗം ആളുകളും ഈ ദിവസം തിരഞ്ഞെടുക്കുന്നു.
അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നവർ സ്വർണ്ണത്തിന്റെ മൂല്യം അതിന്റെ പരിശുദ്ധിയിലാണ് എന്നത് മനസിലാക്കണം. ബിസ്‌ക്കറ്റുകളോ കോയിനുകളോ ആണെങ്കിൽ 99.99% പരിശുദ്ധി ഉറപ്പുവരുത്തണം. എപ്പോഴും ബിഐഎസ് ഹാൾമാർക്ക് ഉള്ളതും അംഗീകൃതവുമായ ജ്വല്ലറികളിൽ നിന്ന് മാത്രം സ്വർണ്ണം വാങ്ങുക.

