തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന റെക്കോർഡ് ചൂടിന് തിങ്കളാഴ്ചയോടെ നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം അവസാന വാരത്തോടെ കേരളത്തിൽ വേനൽമഴ സജീവമാകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.(Heat wave to ease in Kerala, Summer rains may intensify by the last week of April )
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ അതികഠിനമായ ചൂട് അനുഭവപ്പെടാനും രാത്രിയിൽ പോലും അന്തരീക്ഷം തണുക്കാതിരിക്കാനും കാരണം വടക്കൻ കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി രൂപപ്പെട്ട എതിർ ചക്രവാതമാണ്. ഇടിമിന്നലോടു കൂടിയ മഴമേഘങ്ങൾ രൂപപ്പെടുന്നത് ഈ പ്രതിഭാസം തടഞ്ഞു. ഇന്നത്തോടെ ഈ എതിർ ചക്രവാതം ദുർബലമാകുന്നതോടെ അന്തരീക്ഷം തണുക്കാനും ഉച്ചയ്ക്ക് ശേഷം വേനൽമഴ ലഭിക്കാനും അനുകൂല സാഹചര്യമൊരുങ്ങും.
ചൂടിന് നേരിയ ശമനമുണ്ടാകുമെന്ന് കരുതുമ്പോഴും ഇന്നും സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടാം. മിക്ക ജില്ലകളിലും സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില കൂടാനാണ് സാധ്യത.

